ജോലി പോയതിൽ പ്രതിഷേധിച്ച അധ്യാപകരെ തൊഴിച്ചും ചവിട്ടിയും നേരിട്ട് കൊൽക്കത്ത പൊലീസ്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജോലി പോയതിൽ പ്രതിഷേധിച്ച സ്കൂൾ ജീവനക്കാരെ നടുറോഡിൽ ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയത് കൊൽക്കത്ത പൊലീസ്. ബുധനാഴ്ച കസ്ബയിലെ സ്കൂളുകളുടെ ജില്ലാ ഇൻസ്പെക്ടറുടെ ഓഫിസിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പിരിച്ചുവിട്ട അധ്യാപക-അനധ്യാപക ജീവനക്കാർ പൊലീസിന്റെ മുഴുവൻ ധാർഷ്ട്യത്തിനും ഇരകളായി. രണ്ടു പേർക്കെതിരെ കേസുകൾ എടുത്തതായും റിപ്പോർട്ടുണ്ട്.
പ്രതിഷേധ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അധ്യാപകനെ ചവിട്ടുന്നതും മറ്റ് പൊലീസുകാർ ഗേറ്റ് ചാടിക്കടന്ന്പ്രതിഷേധക്കാർക്കെതിരെ ലാത്തി പ്രയോഗിക്കുന്നതും കാണാം.
ഇത്തരം നടപടി ആഗ്രഹിക്കാത്തതാണെന്നും ജോലി നഷ്ടപ്പെട്ടവരോട് നിയമം കൈയിലെടുക്കരുതെന്നും കൊൽക്കത്ത പൊലീസ് കമീഷണർ മനോജ് വർമ അഭ്യർഥിച്ചു. പൊലീസിനെ ആദ്യം ആക്രമിച്ചതായി വർമ അഭിപ്രായപ്പെട്ടു. ‘ഞങ്ങൾ മുഴുവൻ ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ഞങ്ങളുടെ ഡെപ്യൂട്ടി കമീഷണർമാർ സ്ഥലത്തുണ്ട്. അവർ റിപ്പോർട്ട് സമർപ്പിക്കും. ദൃശ്യങ്ങളിൽ കാണുന്നതുപോലെ അത്തരം നടപടി അഭികാമ്യമല്ല. അതേസമയം, ഏത് സാഹചര്യത്തിലാണ് പൊലീസ് ഇത് ചെയ്യാൻ നിർബന്ധിതരായതെന്ന് കൂടി പരിഗണിക്കേണ്ടതുണ്ട് -വർമ പറഞ്ഞു.
ആക്രമണത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അതിലൊരാൾക്ക് സാരമായ പരിക്കാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പിരിച്ചുവിട്ട സ്കൂൾ ജീവനക്കാരുടെ ചർച്ചക്ക് നേതൃത്വം നൽകിയ ദിതേഷ് മണ്ഡൽ തങ്ങൾ പൊലീസിനെ ആക്രമിച്ചുവെന്ന ആരോപണം നിഷേധിച്ചു. പൊലീസുകാർ മർദിച്ചതായി ആരോപിക്കപ്പെടുന്നവരിൽ മണ്ഡലും ഉൾപ്പെടുന്നു.
‘ ക്രമക്കേടുകളിൽ പങ്കില്ലാത്ത അധ്യാപകരുടെ ജോലി സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ ഞങ്ങൾ ഡി.ഐയുടെ ഓഫിസിൽ പോയി. പൊലീസ് ക്രൂരവും പ്രാകൃതവുമായ ആക്രമണം അഴിച്ചുവിട്ട രീതി സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഞങ്ങളെ പിന്തുണക്കുമെന്ന് വാഗ്ദാനം ചെയ്ത അതേ സർക്കാർ തന്നെയാണോ ഇത്? അവരുടെ ഉദ്ദേശ്യത്തെ ഞങ്ങൾ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു’. ഡിസേർവിംഗ് ടീച്ചേഴ്‌സ് റൈറ്റ്സ് ഫോറത്തിന്റെ വക്താവായ മണ്ഡൽ പറഞ്ഞു. ‘ഞങ്ങൾ ബാഗുകളും പേനകളുമായാണ് ഡി.ഐ ഓഫിസിലേക്ക് പോയത്. പൊലീസിനെ ഞങ്ങൾക്ക് എങ്ങനെ ആക്രമിക്കാൻ കഴിയും?- മറ്റൊരു പ്രതിഷേധകൻ ചോദിച്ചു.
കസ്ബ ഡി.ഐ ഓഫിസ് ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും അത് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് ഒരു പ്രതിഷേധക്കാരൻ പറഞ്ഞു. പൊലീസ് തടഞ്ഞപ്പോൾ പലരും ഓഫിസ് ഗേറ്റ് തകർക്കാൻ ശ്രമിച്ചു. ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ‘ചെറിയ ബലപ്രയോഗം’ നടത്താൻ നിർബന്ധിതരായതായി എന്നുമാണ് കൊൽക്കത്ത പൊലീസ് പറയുന്നത്.
ബംഗാളിലുടനീളമുള്ള സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 25,773 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം ക്രമക്കേട് ആരോപിച്ച് ഏപ്രിൽ 3ന് സുപ്രീംകോടതി അസാധുവാക്കിയിരുന്നു. എന്നാൽ, സുപ്രീംകോടതി വിധി ബാധകമായ എല്ലാവരുടെയും ജോലികൾ സംരക്ഷിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മമത ജീവനക്കാർക്ക് ഉറപ്പുനൽകി. അതേസമയം, അയോഗ്യർ എന്ന് എന്ന് പ്രഖ്യാപിക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ പട്ടിക സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇഴതെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ എല്ലാ ജില്ലാ സ്കൂൾ ഇൻസ്പെക്ടർമാരുടെയും ഓഫിസുകൾ ഉപരോധിക്കുമെന്ന് സ്കൂൾ ജീവനക്കാർ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടേത് മുൻകൂട്ടി പ്രഖ്യാപിച്ച പരിപാടിയായിരുന്നുവെന്ന് മണ്ഡൽ പറഞ്ഞു. വൈകുന്നേരം 4 മണി വരെ ഡി.ഐമാരുടെ ഓഫിസുകൾ പൂട്ടുമെന്ന് ഞങ്ങൾ അധികൃതരെ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ഞങ്ങളെ ആക്രമിച്ചു. അവർക്ക് എങ്ങനെ ഒരു അധ്യാപകനെ ചവിട്ടാൻ കഴിയും? ആദ്യം, മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നടന്ന നിയമന പ്രക്രിയയിലെ പാളിച്ചകൾ കാരണം ഞങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു. ശേഷം ഞങ്ങളുടെ പ്രതിഷേധങ്ങൾ മൂടിവെക്കാൻ അവർ ഞങ്ങളെ ചവിട്ടുകയാണ്. സർക്കാറിൽ നിന്ന് നല്ല സമീപനം പ്രതീക്ഷിക്കുന്നുവെന്നും മണ്ഡൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

