സാന്ത്വനവുമായി ഇൻഡ്യ മണിപ്പൂരിലേക്ക് പുറപ്പെട്ടു; ‘രണ്ട് വിഭാഗങ്ങളെയും കാണും, മണിപ്പൂരിലെ ജനങ്ങൾ പറയുന്നത് കേൾക്കണം’
text_fieldsപ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ നേതാക്കൾ മണിപ്പൂരിലേക്ക് പുറപ്പെടുന്നു
ന്യൂഡൽഹി: വംശഹത്യ തുടരുന്ന മണിപ്പൂരിന്റെ മുറിവുണക്കാൻ പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയിലെ 16 പാർട്ടികളുടെ നേതാക്കൾ ഇംഫാലിലേക്ക് പുറപ്പെട്ടു. രണ്ട് സമുദായങ്ങളിലെയും അംഗങ്ങളെ കാണാൻ ശ്രമിക്കുമെന്നും മണിപ്പൂരിലെ ജനങ്ങൾ പറയുന്നത് കേൾക്കുമെന്നും സംഘാംഗമായ തൃണമൂൽ കോൺഗ്രസ് എം.പി സുസ്മിത ദേവ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അവർ വ്യക്തമാക്കി. ഇന്നും നാളെയുമായി മണിപ്പൂരിലെ ദുരിതാശ്വാസക്യാമ്പുകൾ അടക്കം സന്ദർശിക്കുന്ന സംഘം ഗവർമണറുമായും കൂടിക്കാഴ്ച നടത്തും. സാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കുകയും തീ തിന്നു കഴിയുന്ന ജനതയെ സാന്ത്വനിപ്പിക്കുകയും ചെയ്യും.
രണ്ട് സംഘങ്ങളായാണ് ‘ഇൻഡ്യ’യുടെ യാത്ര. അധിർ രഞ്ജൻ ചൗധരി, സുസ്മിത ദേവ് -തൃണമൂൽ കോൺഗ്രസ്, കനിമൊഴി -ഡി.എം.കെ, പി. സന്തോഷ് കുമാർ -സി.പി.ഐ, എ.എ. റഹിം -സി.പി.എം, മനോജ് ഝാ -ആർ.ജെ.ഡി, ജാവേദ് അലിഖാൻ -സമാജ്വാദി പാർട്ടി, ഡി. രവികുമാർ-ഡി.എം.കെ, തിരു തോൽ തിരുമാവളവൻ -വിസികെ, ഫുലോദേവി നേതം -കോൺഗ്രസ് എന്നിവരാണ് ഒന്നാം ഗ്രൂപ്പിലുള്ളത്.
രണ്ടാം സംഘത്തിൽ ലാലൻ സിങ് -ജനതാദൾ (യു), ഗൗരവ് ഗൊഗോയ്, മുഹമ്മദ് ഫൈസൽ -എൻ.സി.പി, അനിൽ ഹെഗ്ഡെ -ജെ.ഡി.യു, ഇ.ടി. മുഹമ്മദ് ബഷീർ -മുസ്ലിം ലീഗ്, എൻ.കെ. പ്രേമചന്ദ്രൻ -ആർ.എസ്.പി, സുശീൽ ഗുപ്ത -ആം ആദ്മി പാർട്ടി, അരവിന്ദ് സാവന്ത് -ശിവസേന, മഹുവ മാജി -ജെ.എം.എം, ജയന്ത് ചൗധരി -ആർ.എൽ.ഡി എന്നിവരാണുള്ളത്.
ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ 6E 2615 വിമാനത്തിലാണ് 20 പേരും പുറപ്പെട്ടത്. യിൽനിന്ന് പുറപ്പെടുന്ന പ്രതിപക്ഷ സംഘം കലാപ ബാധിതമേഖലകൾ സന്ദർശിച്ച് ഞായറാഴ്ച മടങ്ങും.മണിപ്പൂർ കലാപത്തെക്കുറിച്ച് സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
ആദ്യസംഘം ഉച്ച 12 മണിക്ക് ഇംഫാൽ എയർപോർട്ടിൽ എത്തിച്ചേരും. തുടർന്ന് ഒന്നാം സംഘം ഹെലികോപ്ടറിൽ ചുരാചന്ദ്പൂർ ജില്ലയിലേക്ക് പുറപ്പെടും. 1:10 ന് ചുരാചന്ദ്പൂർ കോളജിലെ ബോയ്സ് ഹോസ്റ്റലിൽ പ്രവൃത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ എത്തും. തുടർന്ന് 2:50ന് ഇംഫാൽ എയർപോർട്ടിൽ നിന്ന് ബിഷ്ണുപൂരിലെ മൊയ്‌റാംഗ് കോളജ് ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെടും. 3.30ന് ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗ് കോളജ് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന സംഘം 4:20ന് ഇംഫാലിലെ ഹോട്ടൽ ക്ലാസിക് ഗ്രാൻഡെയിലേക്ക് പോകും.
രണ്ടാം സംഘം ചുരാചന്ദ്പൂർ ഹെലിപാഡിൽ നിന്ന് ഉച്ച 1:50ന് ചുരാചന്ദ്പൂർ ഡോൺ ബോസ്‌കോ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തും. 3:25ന് ഇംഫാൽ വിമാനത്താവളത്തിലെത്തി ഇംഫാൽ ഈസ്റ്റ് ജില്ലയിലെ അകമ്പാട്ടിലെ ഐഡിയൽ ഗേൾസ് കോളജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. തുടർന്ന് 4:35ന് റോഡ് മാർഗം ലംബോയ്‌ഖോങ്കോങ് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. 5:10ന് താമസസ്ഥലമായ ഇംഫാലിലെ ഹോട്ടൽ ക്ലാസിക് ഗ്രാൻഡെയിൽ എത്തും. ഇന്ന് രാത്രി 8:30 വരെ മാധ്യമങ്ങളെ കാണും.
നാളെ രാവിലെ 9.45ന് ഇംഫാലിലെ രാജ്ഭവനിലേക്ക് പുറപ്പെടുന്ന ഇൻഡ്യ എം.പിമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. 12:35ന് 6E 2503 ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് തിരിക്കും. വൈകീട്ട് 3:15 ഓടെ ഡൽഹിയിൽ എത്തും.
ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കാൻ സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായി കോൺഗ്രസ് എംപിയും രാജ്യസഭയിലെ വിപ്പുമായ നസീർ ഹുസൈൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

