ന്യൂഡൽഹി: ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിക്കും ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും വധഭീഷണി. രവി പൂജാരി എന്ന് പരിചയപ്പെടുത്തിയ ആളാണ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.
പ്രകോപനപരമായ പ്രസംഗങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ വെടിെവച്ച് കൊല്ലുമെന്നാണ് ഭീഷണി. തുടര്‍ച്ചയായ മൂന്നു ദിവസമാണ് വധഭീഷണി ഉണ്ടായതെന്നും മേവാനി ട്വീറ്റുചെയ്തു. ഉമർ ഖാലിദിനെയും രവി പൂജാരി എന്നയാൾ തന്നെയാണ് ഭീഷണിപ്പെടുത്തിയത്. മേവാനിയുടെ വാദ്ഗാമിലെ ഓഫിസ് കൈകാര്യം ചെയ്യുന്ന, പാര്‍ട്ടി കണ്‍വീനര്‍ കൗശിക് പാര്മറിെൻറ ഫോണിലേക്കും വധഭീഷണിയുണ്ടായിരുന്നു.
സംഭവത്തിൽ മേവാനിയുടെ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് ഗുജറാത്ത് പൊലീസില്‍ പരാതി നല്കി. മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. വധഭീഷണിയെത്തുടർന്ന് ഡൽഹി പൊലീസിൽ പരാതി നൽകിയതായി ഉമർ ഖാലിദും വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു.