കൗൺസിലർമാരെ ഹോട്ടലിലേക്ക് മാറ്റിയതിന് പിന്നാലെ കുതിരക്കച്ചവടം തടയാനുള്ള അടുത്ത നീക്കവുമായി ഷിൻഡെ
text_fieldsഏക്നാഥ് ഷിൻഡെ
മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 29 കൗൺസിലർമാരെ മുംബൈയിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റിയതിനു ശേഷം കുതിരക്കച്ചവടം തടയാനുള്ള അടുത്ത നീക്കവുമായി ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 29 കൗൺസിലർമാരെയും ഉൾപ്പെടുത്തി എല്ലാ രേഖകളും പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഷിൻഡെ. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായാണിത്. അതിനായുള്ള എല്ലാ ഡോക്യുമെന്ററി ജോലികളും ഇന്ന് പൂർത്തിയാകും.
കൗൺസിലർമാരുടെ തലവനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ശിവസേന വിഭാഗം നൽകുന്ന സൂചന. യുവ കൗൺസിലർമാരായ യാമിനി ജാദവ്, തൃഷ്ണ വിശ്വാസ് റാവു, അമേ ഘോലെ എന്നിവരുടെ പേരുകളാണ് പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്.
2017നു ശേഷം ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന ബൃഹൻമുംബൈയിൽ എൻ.ഡി.എക്ക് 118 സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പിക്ക് 89ഉം ഷിൻഡെയുടെ ശിവസേനക്ക് 29 വാർഡുകളുമാണ് ലഭിച്ചത്. 227 അംഗ കൗൺസിലിൽ കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകൾ മതി.
വർഷങ്ങളായി ബൃഹൻമുംബൈയിൽ ശിവസേന മേയറാണ് ഭരിക്കുന്നത്. ശിവസേന പിളർന്നതിനു ശേഷവും അതിനു മാറ്റമുണ്ടാകരുത് എന്ന നിലപാടിലാണ് ഷിൻഡെ കൗൺസിലർമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയത്. അതേസമയം, മേയർ സ്ഥാനത്തിന് ബി.ജെ.പിയും അവകാശവാദമുന്നയിക്കുന്നുണ്ട്. ബൃഹൻമുംബൈയിൽ ഇതുവരെ ബി.ജെ.പി മേയർ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

