മുംബൈ: മഹാരാഷ്ട്രയിലെ ജാൽഗാവിൽ സഹോദരങ്ങളായ നാലു കുഞ്ഞുങ്ങളെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബലാത്സംഗ വകുപ്പുകൾ ഉൾപ്പെടുത്തി. കുട്ടികൾ ബലാത്സംഗത്തിന് ഇരയാതായി സാഹചര്യ തെളിവുകളിൽ നിന്നും ശാസ്ത്രീയ പരിശോധനയിൽ നിന്നും വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കേസിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ 15നാണ് സഹോദരങ്ങളായ നാല് കുട്ടികളെ കൂട്ടക്കൊല ചെയ്തത്. 13ഉം ആറും വയസുള്ള രണ്ട് പെൺകുട്ടികളും 11ഉം എട്ടും വയസുള്ള ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അന്വേഷണം കൃത്യമായ ദിശയിലാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് ഐ.ജി പ്രതാപ് ദിഗാവ്കർ പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും ഇക്കാര്യമാണ് പറഞ്ഞത്.
ആദിവാസി വിഭാഗത്തിൽ പെട്ടവരാണ് കുട്ടികൾ. മാതാപിതാക്കൾ മൂത്ത മകനോടൊപ്പം മരിച്ച മറ്റൊരു ബന്ധുവിന്‍റെ സംസ്കാര ചടങ്ങിന് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. അതേസമയം, പ്രതിയെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.