അധികാരത്തർക്കം ചർച്ചചെയ്ത് പരിഹരിക്കണമെന്ന് ഹൈകമാൻഡ്: ഡി.കെയെ പ്രാതലിന് ക്ഷണിച്ച് സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള വടംവലിക്കിടെ, ചർച്ചയിലൂടെ വിഷയം പരിഹരിക്കാൻ ഇരുവരോടും ഹൈകമാൻഡ് നിർദേശിച്ചു. ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണ വേളയിൽ കൂടിക്കാഴ്ചയാകാമെന്ന് കാണിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെയെ വസതിയിലേക്ക് ക്ഷണിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച തർക്കം പരിഹരിക്കുന്നതിലേക്കുള്ള ആദ്യ പടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇരുവിഭാഗവും തമ്മിൽ ഭിന്നത രൂക്ഷമായതോടെ വിഷയത്തിൽ ഹൈകമാൻഡ് ഇടപെടുകയായിരുന്നു. ചർച്ച ചെയ്ത് തീരുമാനത്തിലെത്താണ് നിർദേശം. ഇതിനു പിന്നാലെയാണ് സിദ്ധരാമയ്യ ഡി.കെയെ ശനിയാഴ്ചത്തെ പ്രാതലിന് ക്ഷണിച്ചത്. 2023ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയതിനു പിന്നാലെ രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രി കസേര വെച്ചുമാറാമെന്ന് സിദ്ധരാമയ്യയും ഡി.കെയും പരസ്പര ധാരണയിൽ എത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.
സിദ്ധരാമയ്യയെ വിമർശിച്ച്, വാക്ക് പാലിക്കുന്നതാണ് ലോകത്ത് ഏറ്റവും വലിയ കാര്യമെന്ന് ഡി.കെ വ്യാഴാഴ്ച എക്സിൽ കുറിച്ചു. “ഒരാൾ സ്വന്തം വാക്ക് പാലിക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ കാര്യം. വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ ശക്തി. നിങ്ങളൊരു ന്യായാധിപനോ പ്രസിഡന്‍റോ ആരുമായിക്കൊള്ളട്ടെ, ഞാനുൾപ്പെടെ ആരായാലും പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും ഒന്നായിരിക്കണം. വാക്കിന്‍റെ ശക്തി ലോകശക്തിയാണ്” -ഡി.കെ. ശിവകുമാർ എക്സിൽ കുറിച്ചു.
എന്നാൽ ഇതിനു മറുപടിയായി, ‘വാക്ക് ജനങ്ങളുടെ ലോകം നല്ലതാക്കുന്നില്ലെങ്കിൽ അതിന് ശക്തിയല്ലെ’ന്ന് മറ്റൊരു പോസ്റ്റിൽ സിദ്ധരാമയ്യ കുറിച്ചു. കർണാടകയിലെ ജനം വിധിയെഴുതിയത് ഏതാനും നിമിഷത്തേക്കല്ലെന്നും അഞ്ച് വർഷത്തേക്കാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിക്കുമെന്നാണ് ഇരുനേതാക്കളും പ്രതികരിച്ചത്. പാർട്ടി പറയാതെ മുഖ്യമന്ത്രി പദമൊഴിയില്ലെന്ന് സിദ്ധരാമയ്യ പറയുമ്പോൾ, തിരക്കില്ലെന്നാണ് ഡി.കെയുടെ പ്രതികരണം.
പാർട്ടി പ്രവർത്തകർ തന്നെ മുഖ്യമന്ത്രിയായി കാണാൻ തിരക്ക് കൂട്ടുന്നുണ്ട്. എന്നാൽ ഹൈകമാൻഡ് എന്തുപറയുന്നോ അതായിരിക്കും താൻ അനുസരിക്കുകയെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ എട്ടിന് തുടങ്ങുന്നതിന് മുമ്പ് ഇരുവർക്കുമിടയിലെ തർക്കം പരിഹരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തർക്കം തുടരുന്നതിനിടെ ഡി.കെ. ശിവകുമാര്‍ 'സോണിയ ഗാന്ധി അധികാരം ത്യജിച്ചെ'ന്ന വിഷയം ഓര്‍മിപ്പിച്ച് രംഗത്തെത്തി. ബംഗളൂരുവിൽ നടന്ന പരിപാടിക്കിടെ, 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പി.എ. വിജയിച്ചപ്പോൾ പ്രധാനമന്ത്രിയാകാനുള്ള അവസരം സോണിയാ ഗാന്ധി വേണ്ടെന്ന് വെച്ച് മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയ സംഭവമാണ് ശിവകുമാര്‍ ഓർമിപ്പിച്ചത്.
സോണിയ ഗാന്ധി 20 വർഷം കോൺഗ്രസ് അധ്യക്ഷയായിരുന്നു. അവർ അധികാരം ത്യജിക്കുകയും ചെയ്തു, അന്നത്തെ രാഷ്ട്രപതി അബ്ദുൾ കലാം അവരെ അടുത്ത പ്രധാനമന്ത്രിയാകാൻ ക്ഷണിച്ചെങ്കിലും അവർ വിസമ്മതിക്കുകയും രാജ്യത്തെ വികസിപ്പിക്കാൻ കഴിവുള്ള മൻമോഹൻ സിങ്ങിനെ നിർദേശിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

