‘ചുവപ്പ് ഭീകരതയിൽനിന്ന് ത്രിവർണ പതാകയിലേക്ക്’; 31 മാവോവാദികളെ വധിച്ച ദൗത്യസംഘത്തെ പ്രശംസിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഡ് -തെലങ്കാന അതിർത്തിയായ കറെഗുട്ട മലനിരയിൽ 31 മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ച സുരക്ഷാസേനാ ദൗത്യത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു. ഒരുകാലത്ത് ചുവപ്പ് ഭീകരതയുടെ കേന്ദ്രമായിരുന്ന ഇടത്തെ, സുരക്ഷാ സേനയുടെ ദൗത്യത്തിലൂടെ കേന്ദ്രത്തിന്‍റെ ‘നക്സൽ-മുക്ത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. മാവോയിസത്തിനെതിരായ പോരാട്ടത്തിൽ ചരിത്ര നിമിഷമാണിത്. ഒരിക്കൽ ചുവപ്പ് ഭീകരതയുടെ കേന്ദ്രമായിരുന്ന കറെഗുട്ട മേഖലയിൽ ഇപ്പോൾ ത്രിവർണ പതാക അഭിമാനത്തോടെ പാറുന്നുവെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
“നക്സൽ-മുക്ത ഭാരതത്തിലേക്കുള്ള ചരിത്രപരമായ നേട്ടമാണ് സുരക്ഷാസേന സ്വന്തമാക്കിയത്. 31 കുപ്രസിദ്ധ മാവോവാദികളെ വധിച്ചതിലൂടെ നക്സലിസത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിജയമാണ് നേടിയത്. ഒരിക്കൽ ചുവപ്പ് ഭീകരതയുടെ കേന്ദ്രമായിരുന്ന കറെഗുട്ട മേഖലയിൽ ഇപ്പോൾ ത്രിവർണ പതാക അഭിമാനത്തോടെ പാറുന്നു. പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും മറികടന്ന് സധൈര്യം മാവോവാദികളെ നേരിട്ട സി.ആർ.പി.എഫിനും പ്രത്യേക ദൗത്യസേനക്കും (എസ്.ടി.എഫ്), ഡിസ്ട്രിക്ട് റിസർവ് ഗാർഡിനും (ഡി.ആർ.ജി) അഭിനന്ദനങ്ങൾ. രാജ്യം മുഴുവൻ നിങ്ങളുടെ പേരിൽ അഭിമാനിക്കുന്നു. നക്സലിസം വേരോടെ നാം പിഴുതുമാറ്റും. 2026 മാർച്ച് 31നകം നക്സൽ മുക്ത ഇന്ത്യ യാഥാർഥ്യമാക്കും” - കേന്ദ്ര ആഭ്യന്തര മന്ത്രി എക്സിൽ കുറിച്ചു.
അതേസമയം 31 മാവോവാദികളെ വധിച്ച ദൗത്യത്തിനിടെ വൻ ആയുധ ശേഖരവും ദൗത്യസംഘം കണ്ടെത്തി. 450 ഐ.ഇ.ഡി, 40 തോക്കുകൾ, ഡിറ്റനേറ്ററുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തു. ഇതിനു പുറമെ മരുന്നുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, മോട്ടോറുകൾ, കട്ടറുകൾ എന്നിവയും കണ്ടെത്തി. പ്രധാന മാവോവാദി സംഘടനകളുടെ ആസ്ഥാനമാണ് കുറഗുട്ട മലനിരയെന്നും വിവരമുണ്ട്. 21 ദിവസംകൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയതെന്നും സേനാംഗങ്ങൾക്ക് ജീവഹാനിയുണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.