Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാതികോമരങ്ങളെ ഇതാ...

ജാതികോമരങ്ങളെ ഇതാ കണ്ടോളൂ... ഉദയ്പൂരിൽ കൂറ്റൻ പ്രതീകാത്മക ബിന്ദോളി ഘോഷയാത്ര നടത്തി ഭീം ആർമി

text_fields
bookmark_border
ജാതികോമരങ്ങളെ ഇതാ കണ്ടോളൂ... ഉദയ്പൂരിൽ കൂറ്റൻ പ്രതീകാത്മക ബിന്ദോളി ഘോഷയാത്ര നടത്തി ഭീം ആർമി
cancel

ഉദയ്പൂർ: വിവാഹത്തിന് മുൻപായി 'ബിന്ദോളി' ആഘോഷം സംഘടിപ്പിച്ച ദലിത് യുവതിയെ കുതിരപ്പുറത്തുനിന്നു വലിച്ചു താഴെയിട്ട സവർണർക്ക് താക്കീതായി പ്രതീകാത്മക ബിന്ദോളി ഘോഷയാത്ര നടത്തി യുവതിയും ദലിത് സംഘടനകളും. രാജസ്ഥാനിലെ ഉദയ്പൂർ നഗരമാണ് ഭീം ആത്മിയുടെ നേതൃത്വത്തിൽ ദലിതരുടെ അതിശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ മാസം 29ന് ഉദയ്പൂരിൽ പൂജ മേഘ്‌വാൾ എന്ന ദലിത് പെൺകുട്ടിയുടെ വിവാഹത്തിന് മുൻപായുള്ള 'ബിന്ദോളി' ഘോഷയാത്ര ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും ചേർന്ന് തടസ്സപ്പെടുത്തിയിരുന്നു. ദലിത് വിഭാഗത്തിൽപ്പെട്ടവൾ കുതിരപ്പുറത്ത് സവാരി ചെയ്തതും തങ്ങളുടെ വീടിന് മുന്നിലൂടെ ഘോഷയാത്രയായി കൊണ്ടുപോയതുമായിരുന്നു അവരെ പ്രകോപിച്ചത്. കല്ല്, വാള്‍, വടിവാൾ എന്നിവകൊണ്ട് ഘോഷയാത്രക്കുനേരെ ആക്രമം അഴിച്ചുവിട്ട സംഘം

പൂജയെ കുതിരപ്പുറത്ത് നിന്ന് താഴേക്ക് വലിച്ചിടുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.എന്നാൽ ജാതീയതക്കെതിരായ തങ്ങളുടെ പോരാട്ടത്തിൽ നിന്ന് പിൻമാറാൻ പൂജയും ദലിത് സംഘടനകളും തയ്യാറായിരുന്നില്ല. എട്ട് ദിവസത്തിന് ശേഷം ഉദയ്പൂർ നഗരത്തിലൂടെ പ്രതീകാത്മക ബിന്ദോളി ഘോഷയാത്ര നടത്തിയായിരുന്നു അവരുടെ പ്രതിഷേധം.

നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കയ്യിൽ ജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും ചിത്രം മുറുകെപ്പിടിച്ച് വെള്ളക്കുതിരപ്പുറത്ത് പൂജ വീണ്ടും യാത്ര ചെയ്തു. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ വെള്ള വസ്ത്രം ധരിച്ച്, കഴുത്തിൽ നീല സ്കാർഫും കയ്യിൽ നീല പതാകകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു യാത്ര. പതാകകളിൽ ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രങ്ങളുണ്ടായിരുന്നു. പ്ലക്കാർഡുകളിൽ ദലിതർ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള മുദ്രാവാക്യങ്ങളും 'ജയ് ഭീം' എന്നും എഴുതിയിരുന്നു. ഉദയ്പൂരിലെ ടൗൺ ഹാൾ മുതൽ കളക്ടറേറ്റ് വരെ നീണ്ട ഈ യാത്രയിൽ പൂജയെ അനുഗമിച്ച് വൻജനക്കൂട്ടവുമുണ്ടായിരുന്നു.

"ഞങ്ങളും മനുഷ്യരാണെന്നും നിങ്ങളെപ്പോലെ തന്നെ ഇന്ത്യയിലെ പൗരന്മാരാണെന്നും കാണിച്ചുകൊടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. സ്വാതന്ത്ര്യം കിട്ടി 80 വർഷം തികയാറായിട്ടും അയിത്തത്തെക്കുറിച്ചുള്ള ചിലരുടെ മനോഭാവം ഇപ്പോഴും നിലനിൽക്കുന്നു," പൂജയുടെ പിതാവ് ഭൈരുലാൽ മേഘ്‌വാൾ പറഞ്ഞു.

ഭീം ആർമി നേതൃത്വം നൽകിയ ഘോഷയാത്രയിൽ മറ്റ് സമുദായ സംഘടനകളും അണിനിരന്നു. "ഞങ്ങൾ ദലിതരായതുകൊണ്ട് ഞങ്ങൾ കുതിരപ്പുറത്ത് ഇരിക്കുന്നത് ഇവിടുത്തെ മേൽജാതിക്കാർക്ക് ഇഷ്ടമല്ല. മേവാർ മേഖലയിൽ ദലിതർക്ക് നേരെ ഇത് പതിവായി സംഭവിക്കുന്നു. അതിനാൽ ഞങ്ങൾ ഭരണകൂടത്തിന് നിവേദനം നൽകി," മേഘ്‌വാൾ പറഞ്ഞു. "ബഹുമാനത്തിന്റെയും ആദരവിന്റെയും കാര്യത്തിൽ മടിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് ഞങ്ങൾ സർക്കാരിനോടും രാജ്യത്തോടും പറയുന്നു. രാജ്യം 'അമൃത് കാൽ' ആഘോഷിക്കുകയാണ്, പക്ഷേ ദലിതരെ കുതിര സവാരിയിൽ നിന്ന് തടയുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണ്, എല്ലാവർക്കും ജീവിക്കാൻ തുല്യ അവകാശമുണ്ട്," അദ്ദേഹം പറഞ്ഞു.

മേഖലയിൽ ഇത്തരം കേസുകൾ തുടർച്ചയായി സംഭവിക്കുന്നുണ്ടെന്ന് മേഘ്‌വാൾ പറഞ്ഞു. ഈ ജാതി ചിന്താഗതി സർക്കാർ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രിൽ 29ന് ദബോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബിന്ദോളി ഘോഷയാത്ര കടന്നുപോകുന്നതിനിടെ ജാതീയമായ അധിക്ഷേപങ്ങൾ നടത്തുകയും ജാഥക്ക് നേരെ കല്ലെറിയുകയും പൂജയെ കുതിരപ്പുറത്ത് നിന്ന് വലിച്ച് താഴെയിട്ടെന്നുമായിരുന്നു പരാതി. സംഭവത്തിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ നാല് പേരെ മാത്രമാണ് കേസിൽ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

രാജസ്ഥാനിലെ എല്ലാ ജില്ലകളിലും പട്ടികജാതിക്കാർ, പ്രത്യേകിച്ച് മേഘ്‌വാൾ സമുദായം ഓരോ ദിവസവും വിവേചനം നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞു. കുടിവെള്ളം ശേഖരിക്കുന്നതിനും ബാർബർമാർ മുടി മുറിക്കുന്നതിനും ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. മരിച്ചാൽ ശ്മശാനങ്ങളിൽ പോലും വിവേചനം തുടരുന്നു. ഇതെല്ലാം അവസാനിപ്പിക്കണമെന്നും നിയമം കർശനമായി നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanudaypurcast discriminationcastismindianews
News Summary - After assault on her wedding procession, Dalit bride leads defiant bindoli through Udaipur
Next Story