Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ജയലളിത മരിച്ചതോടെ...

‘ജയലളിത മരിച്ചതോടെ എന്റെ പുഞ്ചിരി അപ്രത്യക്ഷമായിരുന്നു; സ്റ്റാലിനൊപ്പം ​ചേർന്നപ്പോൾ അത് തിരിച്ചുവന്നു’; പഴയ ശത്രുപാളയത്തിൽ ഒ.പി.എസ് ഹാപ്പിയാണ്

text_fields
bookmark_border
‘ജയലളിത മരിച്ചതോടെ എന്റെ പുഞ്ചിരി അപ്രത്യക്ഷമായിരുന്നു; സ്റ്റാലിനൊപ്പം ​ചേർന്നപ്പോൾ അത് തിരിച്ചുവന്നു’; പഴയ ശത്രുപാളയത്തിൽ ഒ.പി.എസ് ഹാപ്പിയാണ്
cancel

തേനി ജില്ലയിലെ ബോഡിനായ്ക്കനൂർ പട്ടണം. ഒരു ഉൾപാതയിൽ പുതുതായി നിർമിച്ച മൂന്നുനില വീട്ടിൽ സന്ദർശകരുടെ പ്രവാഹം. പ്രദേശത്തെ ഡി.എം.കെ നേതാക്കൾ, മുൻ പാർട്ടിയായ എ.ഐ.എ.ഡി.എം.കെയിലെ വിശ്വസ്തർ, ലാപ്ടോപ്പും ബൂത്ത് മാപ്പുകളുമായി യുവാക്കളുടെ മറ്റൊരു കൂട്ടം... ആളുകൾ വീട്ടിനുള്ളിലേക്കും പു​റത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്നു. അവിടെ മൂന്നുതവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഒ. പന്നീർസെൽവം, എല്ലാവരും ഇഷ്ടത്തോടെ വിളിക്കുന്ന ഒ.പി.എസ് ഇരിക്കുന്നത് കാണാം.

ഇക്കുറി അസാധ്യമെന്ന് എല്ലാവരും കരുതിയിരുന്ന ഒരു കാര്യം സാധിക്കാനാണ് ഒ.പി.എസിന്റെ ശ്രമം. പതിറ്റാണ്ടുകളായി എതിർപക്ഷത്തായിരുന്ന ഡി.എം.കെയുടെ ബാനറിൽ, തന്റെ ശക്തികേന്ദ്രത്തിൽനിന്ന് ഒരിക്കൽ കൂടി മത്സരിച്ച് മുന്നേറാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ നെറ്റിയിൽ എന്നും കാണുന്ന ഭസ്മത്തിന്റെയും കുങ്കുമത്തിന്റെയും ചുവപ്പും വെള്ളയും വരകൾ കാണാം. പുഞ്ചിയോടെ അദ്ദേഹം മ​റ്റുള്ളവരുടെ വാക്കുകൾ കേൾക്കുന്നു, മറുപടി പറയുന്നു.

തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിത​ക്കൊപ്പം തുടക്കം. പിന്നീട് ശശികല, ടി.ടി.വി. ദിനകരൻ... പാർട്ടിയിൽ ഉൾകലാപം, ഒടുവിൽ ബി.ജെ.പിയുമായി എ.ഐ.എ.ഡി.എം.കെ സഖ്യം. ഇപ്പോൾ പതിറ്റാണ്ടുകൾ ഒപ്പമുണ്ടായിരുന്ന പാർട്ടിവിട്ട് ഡി.എം.കെയിലേക്ക് കളംമാറ്റം. അദ്ദേഹത്തിന്റെ ചുറ്റുമുണ്ടായിരുന്ന ഒരു സംരക്ഷണ വലയം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ബോഡിനായ്ക്കന്നൂരിൽ ഒ.പി.എസ് വീണ്ടും സ്വയം പുനർനിർമിക്കാ​നൊരുങ്ങുന്നു.

‘ഞാൻ പാർട്ടിയുടെ വിശ്വസ്തനാണ്. ന​മ്മളെല്ലാം ഡി.എം.കെയിൽനിന്നാണ് വന്നത്, അല്ലേ? പ്രത്യയശാസ്ത്രവും അടിസ്ഥാന തത്വങ്ങളും എ​ല്ലായ്പോഴും ഒരുപോലെയായിരുന്നു.’ - ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ ചുവടുമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒ.പി.എസിന്റെ മറുപടി ഇതായിരുന്നു.

വർഷങ്ങളോളം ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ.പി.എസ്. ‘അമ്മ നയിച്ചപ്പോൾ, അമ്മ പറഞ്ഞതെല്ലാം ഞങ്ങൾക്ക് വ്യക്തമായിരുന്നു. അതിനപ്പുറം മറ്റൊന്നിനെക്കുറിച്ച് ഞങ്ങൾക്ക് ഒരിക്കലും ഒന്നും അറിയില്ലായിരുന്നു’. ജയലളിതയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഒ.പി.എസ് ഓർത്തെടുത്തു.

ഇപ്പോൾ 75 വയസ്സായി ഒ.പി.എസിന്. ബോഡിനായ്ക്കനൂരിൽനിന്നുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ മത്സരം. എന്നാൽ, ഒന്നുമാത്രം വ്യത്യസ്തമാകുന്നു. എ.ഐ.എ.ഡി.എം.കെയുടെ ​കോട്ടയിൽനിന്ന് ഡി.എം.കെയു​ടെ തോളിലേറിയാണ് ഒ.പി.എസ് ഇപ്പോൾ കുതിക്കാൻ ശ്രമിക്കുന്നത്. 1989ൽ ജയലളിത മത്സരിച്ച് വിജയിച്ച മണ്ഡലം. 2011, 2016, 2021 വർഷങ്ങളിൽ ഒ.പി.എസിന്റെ ഹാട്രിക് ജയം. എന്നാൽ, ഇക്കുറി എ.ഐ.എ.ഡി.എം.കെയുടെ രണ്ടിലക്കുപകരം ഡി.എം.കെയുടെ സൂര്യതേജസ്സിനൊപ്പം ഉദിച്ചുയരാനാണ് മോഹം.

വീടിനുപുറത്തിറങ്ങിയാൽ നഗരത്തിലും ആ രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ പിരിമുറുക്കം കാണാം. മുൻ അനുയായികൾ, വിശ്വസ്തർ ഇപ്പോൾ എതിർചേരിയിൽ അണിനിരന്നിരിക്കുന്നു. എ​.​ഐ.എ.ഡി.എം.കെ പാർട്ടിയോടുള്ള വിശ്വസ്തത അനുഭാവികൾ നിലനിർത്തുമെന്ന് പാർട്ടിയും വിശ്വസിക്കുന്നു. ഒ.പി.എസിനെ പിന്തുണക്കാൻ ഡി.എം.കെ പ്രവർത്തകരും തയാറാകുന്നു. സ്വന്തം തെരഞ്ഞെടുപ്പ് സാധ്യതകൾ ഉപേക്ഷിക്കേണ്ടിവന്ന ഡി.എം.കെ പ്രവർത്തകർ തങ്ങൾ ‘അതൃപ്തിയില്ലാതെ പ്രവർത്തിക്കുന്നു’ണ്ടെന്ന് പറഞ്ഞുവെക്കുന്നു. മുക്കുലത്തൂർ, നാടാർ, നായിഡു, ചെട്ടിയാർ, പട്ടികജാതി, ഗോത്രവിഭാഗങ്ങൾ മണ്ഡലത്തിൽ പ്രവചനാതീതമായ മറ്റൊരു ജാതി സമവാക്യം എഴുതുന്നു. ഒ.പി.എസ് ക്യാമ്പിൽ ഈ പരിഭ്രാന്തിയൊന്നും കാണാനാകില്ല.

ഡി.എം.കെയുടെ ഒ.പി.എസ് തന്ത്രം വെറുമൊരു സാന്നിധ്യം മാത്രമല്ല, കൂട്ടിക്കിഴിച്ച കണക്കുകൂട്ടലുകളുടെ ബാക്കിപത്രം കൂടിയാണ്. ഒ.ബി.സി തേവർ സമൂഹം നിർണായക ബ്ലോക്കാണ് തെക്കൻ മേഖലയിൽ. പതിറ്റാണ്ടുകളുടെ പ്രാദേശിക സാന്നിധ്യത്തിലൂടെ ഒ.പി.എസ് ഇവിടെ സ്വാധീനം വളർത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെക്ക് നിർണായക സ്വാധീനമുള്ള തേനി, രാമനാഥപുരം തുടങ്ങി കൂടുതൽ തെക്കൻ ജില്ലകളിൽ അവരുടെ അടിത്തറ തകർക്കാനും ഡി.എം.കെക്ക് മുന്നേറാനും ഒ.പി.എസിന്റെ ഡി.എം.കെ പ്രവേശനം നിർണായകമാകും.

എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എന്ന ഇ.പി.എസിനെ നേരിടാൻ ഒ.പി.എസിന് കഴിയുമെന്നാണ് ഡി.എം.കെ തന്ത്രജ്ഞർ കണക്കുകൂട്ടുന്നതും. ഇ.പി.എസിനെതിരെ പട നയിക്കാൻ ഒ.പി.എസിനെ ഉപയോഗിക്കുന്നതിനൊപ്പം എൻ.ഡി.എ സഖ്യത്തിന്റെ വോട്ട് ബാങ്ക് തകർക്കാനും അത് ഡി.എം.കെക്ക് അനുകൂലമാക്കാനും അവർ പ്രയ്തനിച്ചുകൊണ്ടിരിക്കുന്നു.

തന്റെ ക്യാമ്പ് ഓഫിസുള്ളിലെ ഒരു ചുമരും ഒപ്പം തന്റെ ധോത്തിയുടെ അറ്റവും ഒ.പി.എസ് ചൂണ്ടിക്കാണിച്ചു. ധോത്തിയുടെ അറ്റത്തെ ചുവപ്പും കറുപ്പും നിറം കലർന്ന കര ഡി.എം.കെയെ പ്രതിനിധീകരിക്കുന്നതായിരുന്നു. ‘താൻ ഡി.എം.കെയിൽ ചേർന്ന ദിവസം മുതൽ,​ തേനിയിലും ബോഡിനായ്ക്കന്നൂരിലും നൂറുകണക്കിന് പേർ മാറിത്തുടങ്ങിയിട്ടുണ്ട്’ -ഒ.പി.എസ് പറയുന്നു. ചിഹ്നങ്ങളോടുള്ള വിശ്വസ്തത എപ്പോഴും സ്ഥിരമായിരിക്കില്ലെന്നും ‘ആളുകൾ മാറി’ എന്നും അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്യുന്നു.

തന്റെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചല്ല എപ്പോഴും ഒ.പി.എസിന്റെ ചിന്ത. തന്റെ വ്യക്തിപരമായ പരാജയത്തെക്കുറിച്ചു കൂടിയാണ്. ‘അമ്മ (ജയലളിത) മരിച്ചശേഷം, എന്റെ പുഞ്ചിരി അപ്രത്യക്ഷമായി’ -അദ്ദേഹം പറയുന്നു. ദീർഘനിശ്വസത്തിനുശേഷം ​വീണ്ടും വാക്കുകൾ കൂട്ടിച്ചേർത്തു. ‘ഇപ്പോഴാണ് അത് തിരിച്ചുവരുന്നത്’.

‘അമ്മ, ഏത് തലത്തിൽ നിലനിർത്തിയോ, അതേ തലത്തിൽ ഇപ്പോൾ അത് വരുന്നു’ -എം.കെ. സ്റ്റാലിനൊപ്പമുള്ള രാഷ്ട്രീയത്തെക്കുറിച്ചും വൈകാരിക അടുപ്പത്തെക്കുറിച്ചും ഒ.പി.എസ് പറയുന്നതിങ്ങനെ. ഒ.പി.എസിന്റെ രാഷ്ട്രീയ യാത്ര പലപ്പോഴും അനിർവചനീയമായിരുന്നു. 2017ൽ ജയലളിതയുടെ സ്മാരകത്തിൽ ധ്യാനിക്കുകയും ശേഷം ശശികലക്കെതിരെ പാർട്ടിക്കുള്ളിൽ കലാപം ഉയർത്തുകയും ചെയ്തു. എ.ഐ.എ.ഡി.എം.കെയുടെ ഭാവി അട്ടിമറിക്കുകയും തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി മാറ്റുകയും ചെയ്ത നിമിഷമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. പരാജയപ്പെട്ടുപോയ കലാപം അദ്ദേഹത്തിന്റെ ഒറ്റപ്പെടലിന്റെ തുടക്കം കൂടിയായിരുന്നു. ഇ.പി.എസ് എ.ഐ.എ.ഡി.എം.കെയിൽനിന്ന് പുറത്താക്കിയതോടെ ഒ.പി.എസിന് ഒരു പാർട്ടിയും ഇല്ലാതായി. സ്ഥിരതയുള്ള സഖ്യം ഇല്ലാതായി, അടിത്തറ ഇല്ലാതായി. ഇപ്പോൾ നഷ്ടമായ ആ അടിത്തറ ബോഡിനായ്ക്കനൂരിൽ പുനർനിർമിക്കാൻ ശ്രമിക്കുകയാണ് ഒ.പി.എസ്. പ്രത്യയശാസ്ത്രം മാത്രമല്ല ഒ.പി.എസിന്റെ ആയുധം, ഒപ്പം സാമീപ്യവും ഓർമയും കൂടിയാണ്.

‘പൊതുജനക്ഷേമമില്ലാത്ത ഒരു സ്വാർഥ രാഷ്ട്രീയക്കാരനല്ല ഞാൻ’... അദ്ദേഹം പറയുന്നു. 1970 കളുടെ തുടക്കത്തിൽ ലയൺസ് ക്ലബിലെ വിദ്യാർഥി സേവനത്തിൽ നിന്നാണ് എന്റെ തുടക്കം. പെരിയാകുളത്ത് മുനിസിപ്പൽ ചെയർമാനായിരുന്ന കാലാവധി എനിക്ക് ഭരണപരമായ അടിത്തറ നൽകി. ഒരാൾ അവിടെ ചെയർമാനായാൽ, എല്ലാത്തിലും പരിശീലനം ലഭിക്കും.’ -ഒ.പി.എസ് കൂട്ടി​ച്ചേർക്കുന്നു.

2021ൽ ഒ.പി.എസ് 11,000 വോട്ടുകൾക്കാണ് ജയിച്ചുകയറിയത്. 2024ൽ രാമനാഥപുരത്ത് സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം 3.42 ലക്ഷം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇപ്പോൾ അദ്ദേഹം എതിരാളിയെ മാത്രമല്ല നേരിടുന്നത് പകരം, എ.ഐ.എ.ഡി.എം.കെയുടെ ‘രണ്ടില’ ചിഹ്നത്തെയും കൂടിയാണ്.

എന്നാൽ, ​അദ്ദേഹത്തിന്റെ മാറ്റത്തെ എതിരാളികൾ അവസരവാദമായാണ് ചിത്രീകരിക്കുന്നത്. ‘എ.ഐ.എ.ഡി.എം.കെയെ പ്രതിനീധികരിച്ച് മൂന്നുതവണ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം പാർട്ടി മാറുമ്പോൾ പൊതുജനങ്ങൾക്ക് അദ്ദേഹത്തെ എങ്ങനെ ബഹുമാനിക്കാൻ കഴിയും?’ -ഒരു എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ ചോദിക്കുന്നു.

സ്ഥാനാർഥിയുടെ ക്യാമ്പ് ഓഫിസ് എപ്പോഴും സജീവമാണ്. ബോഡിനായ്ക്കന്നൂരിന്റെ മുക്കും മൂലയും അറിയുന്നവർ ഒ.പി.എസിന്റെ പ്രചാരണത്തിനായി ഒരുക്കങ്ങൾ സജീവമാക്കുന്നു. വൈകുന്നേരം അഞ്ചു മണിയോടടുത്താണ് സമയം. ഒ.പി.എസ് പുറത്തേക്കിറങ്ങുമ്പോൾ വിശ്വസ്തർ കൈകൾ കൂപ്പി അണിനിരക്കുന്നു. അദ്ദേഹം നിശബ്ദമായി അവരെ നോക്കുന്നു. ‘ഇ.പി.എസ് പാർട്ടിയെ നശിപ്പിച്ചു. ആ പാർട്ടിയിൽ ആരുമില്ല. ഡി.എം.കെയിൽ ചേർന്നതിനുശേഷം എന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല’ -അദ്ദേഹം വീണ്ടും കൂട്ടിച്ചേർത്തു. ബോഡിനായ്ക്കനൂർ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങുന്നു. ബോഡിയുടെ അകവും പുറവും അറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഒ.പി.എസും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkMK StalinO PanneerselvamJ JayalalithaaTamilnadu Assembly Electiondmk
News Summary - After Amma died my smile faded beginning to return now with Stalin OPS
Next Story