മുംബൈ: ഈ റിപ്പബ്ലിക് ദിനത്തിൽ പുതുമയുള്ളൊരു കാഴ്ചയിലേക്കാവും മുംബൈ നഗരം കൺതുറക്കുക. ജനസംരക്ഷണത്തിനും ഗതാ ഗത നിയന്ത്രണത്തിനുമായി കുതിരപ്പുറത്ത് റോന്തുചുറ്റുന്ന പൊലീസ് അന്ന് നഗരത്തിൽ സേവനം തുടങ്ങും.
88 വർഷം മ ുമ്പ് കുതിരപ്പുറത്ത് റോന്തുചുറ്റുന്ന പൊലീസ് യൂനിറ്റ് പിരിച്ചുവിട്ടിരുന്നു. 1932ൽ മോട്ടോർ വാഹനങ്ങളുടെ കടന ്നുവരവോടെ കുതിരപ്പുറത്തുള്ള പട്രോളിങ് അനിവാര്യമല്ലെന്ന് വിലയിരുത്തി അന്നത്തെ പൊലീസ് കമീഷണർ പാട്രിക് കെല്ലിയാണ് ഈ നടപടിയെടുത്തത്. എന്നാൽ, ഈ വർഷം ശിവാജി പാർക്കിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ശേ ഷം കുതിര പട്രോളിങ് പുനരാരംഭിക്കാനാണ് തീരുമാനമെന്ന് മഹാരാഷ്്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.
13 കുതിരകളെയാണ് ഇതിനായി പരിശീലിപ്പിച്ചിരിക്കുന്നത്. ‘ഇന്ന് മുംബൈ പൊലീസിന് പട്രോളിങിനായി ജീപ്പുകളും മൊട്ടോർസൈക്കിളുകളുമുണ്ട്. എന്നാൽ, ബീച്ചുകളും ഉല്ലാസ-വ്യാപാര കേന്ദ്രങ്ങളും പോലുള്ള ജനത്തിരക്കു കൂടിയ പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങൾ തടയാൻ കുതിരപ്പുറത്ത് റോന്തു ചുറ്റുന്ന പൊലീസ് സേനയുടെ സഹായം ആവശ്യമാണെന്ന് കരുതുന്നു’– ദേശ്മുഖ് മാധ്യമങ്ങളോടു പറഞ്ഞു.
ഉത്സവങ്ങളിലും മറ്റ് ആഘോഷാവസരങ്ങളിലും വൻ ജനാവലിയെ നിയന്ത്രിക്കാൻ കുതിര പട്രോളിങ് യൂനിറ്റിന് സാധിക്കും. കൃത്യമായ ഉയരത്തിൽ നിന്ന് പൊലീസുകാർക്കു നിരീക്ഷിക്കാൻ കഴിയുമെന്നത് വളരെയധികം ഉപകരിക്കും. നിലത്തു നിൽക്കുന്ന 30 പൊലീസുകാർക്ക് സമമാണു കുതിരപ്പുറത്തുള്ള ഒരു പൊലീസുകാരനെന്നും ദേശ്മുഖ് ചൂണ്ടിക്കാട്ടി.
ഒരു സബ് ഇൻസ്പെക്ടർ, ഒരു എ.എസ്.ഐ, നാല് ഹെഡ് കോൺസ്റ്റബിൾമാർ, 32 കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്നതാണ് യൂനിറ്റ്. ഇവർക്ക് പൂനെയിൽ പരിശീലനം നൽകി കഴിഞ്ഞു. കുതിരകളുടെ പരിശീലനം നടന്നത് റിട്ട. സുബേദാർ ആർ.ടി. നിർമലിൻെറ നേതൃത്വത്തിൽ മഹാലക്ഷ്മി റേസ്കോഴ്സിലാണ്.
അടുത്ത ആറുമാസത്തിനുള്ളിൽ 30 കുതിരകൾ അടങ്ങുന്ന സേനയായി ഇതിനെ വിപുലീകരിക്കാനാണ് തീരുമാനം. നിലവിൽ ശിവജി പാർക്കിലുള്ള യൂനിറ്റിനെ പിന്നീട് മാറോൾ ഹെഡ്ക്വാട്ടേഴ്സിലേക്ക് മാറ്റും. ഇവിടെ രണ്ടര ഏക്കറിൽ യൂനിറ്റിന് പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണ് ആലോചന.