41 വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിൽ മുൻ സൈനികന്‍റെ ജീവപര്യന്തം കോടതി റദ്ദാക്കി
text_fieldsപ്രയാഗ്‌രാജ്: 41 വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിൽ മുൻ സൈനികന്‍റെ ജീവപര്യന്തം കോടതി റദ്ദാക്കി. സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി അലഹബാദ് ഹൈകോടതിയാണ് വിധി റദ്ദാക്കിയത്. കേസിൽ ജാമ്യത്തിൽ കഴിയുന്ന മുരാരി ലാലിന്‍റെ ഹരജി ജസ്റ്റിസുമാരായ സിദ്ധാർത്ഥ വർമ്മയും രാം മനോഹർ നാരായൺ മിശ്രയും അടങ്ങുന്ന ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
1982 ജൂലൈ 6 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തന്‍റെ ഗ്രാമത്തിൽ നിന്ന് വസീർഗഞ്ചിലേക്ക് പോകുകയായിരുന്ന മുരാരി ലാൽ ലൈസൻസുള്ള തോക്കുപയോഗിച്ച് സിയോദൻ സിങിന്‍റെ സഹോദരൻ പൂൽ സിംഗിന് നേരെ വെടിയുതിർത്തതായാണ് ആരോപണം. 1983 മെയ് 3ന് ബദൗണിലെ സെഷൻസ് കോടതി മുരാരിയെ ഐ.പി.സി സെക്ഷൻ 302 (കൊലപാതകം) പ്രകാരം കുറ്റക്കാരനാണെന്ന് വിധിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
സാക്ഷി മൊഴികളിൽ കാര്യമായ വൈരുദ്ധ്യമുണ്ടെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മൃതദേഹം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഒന്നാം സാക്ഷി പറഞ്ഞെങ്കിലും മൃതദേഹം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് നാലാം സാക്ഷി മൊഴി നൽകിയത്. കഴിഞ്ഞ മാസത്തെ കോടതി ഉത്തരവിൽ ഈ പൊരുത്തക്കേടുകൾ എടുത്തുകാണിച്ചിരുന്നു. ഇതേ തുടർന്നാണ് ലാലിന്‍റെ ശിക്ഷാവിധി റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് കോടതി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

