Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അസ്സലാമു അലൈക്കും,...

‘അസ്സലാമു അലൈക്കും, ഞാൻ സി.പി.എം സ്ഥാനാർഥി, ദുആ ചെയ്യണം, ഈ നാട്ടിലെ കുട്ടിയാണ്’ -വൈറലായി പശ്ചിമബംഗാളിലെ സി.പി.എം സ്ഥാനാർഥിയുടെ വോട്ടഭ്യർഥന -VIDEO

text_fields
bookmark_border
‘അസ്സലാമു അലൈക്കും, ഞാൻ സി.പി.എം സ്ഥാനാർഥി, ദുആ ചെയ്യണം, ഈ നാട്ടിലെ കുട്ടിയാണ്’ -വൈറലായി പശ്ചിമബംഗാളിലെ സി.പി.എം സ്ഥാനാർഥിയുടെ വോട്ടഭ്യർഥന -VIDEO
cancel

കൊൽക്കത്ത: ‘അസ്സലാമു അലൈക്കും. ഞാൻ അഫ്രീൻ ബീഗമാണ്. സി.പി.എമ്മിന്റെ സ്ഥാനാർഥിയാണ്. ഈ നാട്ടിലെ പെൺകുട്ടിയാണ് ഞാൻ. സ്വന്തം നാട്ടിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, ദുആ ചെയ്യണം’ -തെക്കൻ കൊൽക്കത്തയിലെ ബാലിഗഞ്ച്‌ മണ്ഡലത്തിൽ വോട്ടർമാരെ നേരിൽ കാണുകയാണ് സി.പി.എം സ്ഥാനാർഥി അഫ്രീൻ ബീഗം. അരിവാൾ ചുറ്റിക പതിച്ച ചുവന്ന ഷാൾ കഴുത്തിലണിഞ്ഞ്, വികസന പ്രശ്നങ്ങളും എസ്.​ഐ.ആറും ചൂണ്ടിക്കാട്ടിയാണ് വോട്ടഭ്യർഥന. വെള്ള പൈജാമയും ജുബ്ബയുമണിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമും അഫ്രീൻ ബീഗത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ട്.

‘നമ്മുടെ പ്രദേശവും മാറണം. നമുക്കും ജോലിയും ഭക്ഷണവും ലഭിക്കണം. പ്രദേശത്ത് താമസിച്ചുകൊണ്ട് നിങ്ങളുടെ പിന്തുണയും ദുആയും വേണം. നോക്കൂ, വീട്ടിലെ പെൺകുട്ടിയെ നിങ്ങൾ വിജയിപ്പിച്ചാൽ അവൾ വീടിനുവേണ്ടി പണിയെടുക്കും. പിന്തുണ വേണം, ദുആ ചെയ്യണം’ -വോട്ടർമാരോട് ബംഗാളി ഭാഷയിൽ അഫ്രീന്റെ അഭ്യർഥന ഇങ്ങനെ പോകുന്നു. മിക്ക സ്ഥലങ്ങളിലും സലാം പറഞ്ഞു​കൊണ്ടാണ് അഫ്രീൻ വോട്ടർമാരെ കാണുന്നത്. ദുആ ചെയ്യാനും (പ്രാർഥിക്കുവാൻ) എല്ലാവരോടും ആവശ്യപ്പെടുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനൊപ്പം അഫ്രീൻ ബീഗം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

ജാദവ്‌പുർ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയാണ് സി.പി.എമ്മിന്റെ കരുത്തുറ്റ പോരാളിയായ ഈ ഇരുപത്തിയെട്ടുകാരി. വിദ്യാർഥി സംഘടനാപ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ അഫ്രീൻ തൃണമൂലിന്റെ അഴിമതിയെയും ബി.ജെ.പിയുടെ വർഗീയതയെയും ചോദ്യംചെയ്‌താണ്‌ വോട്ടുതേടുന്നത്‌. ജയിച്ചാൽ ബാലിഗഞ്ച്‌ നേരിടുന്ന വികസനമുരടിപ്പിന്‌ പരിഹാരം കാണുമെന്ന് ഇവർ ഉറപ്പുനൽകുന്നു.

എസ്‌ഐആറിലൂടെ 23000 പേരാണ്‌ ബാലിഗഞ്ചിൽമാത്രം വോട്ടർപ്പട്ടികയിൽനിന്ന്‌ പുറത്തായത്‌. കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ എസ്‌ഐആർ പ്രക്രിയ സുഗമമായി പൂർത്തീകരിച്ചപ്പോൾ, ബംഗാളിൽ ലക്ഷങ്ങൾ പട്ടികയിൽ നിന്ന്‌ പുറത്താക്കപ്പെട്ടത്‌ തൃണമൂൽ സർക്കാരിന്റെ പിടിപ്പുകേടാണെന്ന്‌ അഫ്രീൻ ആരോപിച്ചു.

സോവൻദേബ്‌ ചതോപാധ്യയാണ്‌ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി. ശതരൂപ (ബിജെപി), രോഹൻ മിത്ര (കോൺഗ്രസ്) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ. 2006 മുതൽ തുടർച്ചയായി തൃണമൂൽ ജയിക്കുന്ന മണ്ഡലമാണ് ബാലിഗഞ്ച്. ഇവിടെ 2021ൽ ബിജെപിക്കും പിന്നിൽ മൂന്നാമതായിരുന്നു സി.പി.എം. എന്നാൽ, 2022ൽ തൃണമൂൽ എംഎൽഎയുടെ മരണത്തെ തുടർന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ചു. 31 ശതമാനം വോട്ട്‌ നേടി സിപിഎമ്മിന്റെ സൈറാ ഷാ ഹാലിം രണ്ടാമതെത്തി. ബിജെപിയിൽനിന്ന്‌ തൃണമൂലിലെത്തിയ ഗായകൻ ബാബുൽ സുപ്രിയോ ആണ് ജയിച്ചത്.

അതിനിടെ, ഇന്നലെ നടന്ന സംസ്ഥാനതെത ആദ്യ ഘട്ട വോട്ടെടുപ്പിൽ 92 ശതമാനം വോട്ടർമാരാണ് ബൂത്തിലെത്തിയത്. 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ 3.60 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വിധിയെഴുതിയത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും തമ്മിലുള്ള വീറും വാശിയും വ്യക്തമാക്കുന്നതായിരുന്നു മത്സരം. ബൻകുര, മുർഷിദാബാദ്, കൂച്ച് ബെഹാർ, പശ്ചിമ മേദിനിപൂർ, ജാർഗ്രാം, മാൾഡ എന്നീ ജില്ലകളിലെല്ലാം കനത്ത പോളിങ്ങായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalIndia NewsCPMMalayalam News
News Summary - Afreen Begum Shilpi Ballygunge constituency CPM candidate in South Kolkata
Next Story