വിമർശനങ്ങൾക്കിടെ വീണ്ടും വാർത്താസമ്മേളനവുമായി അഫ്ഗാൻ മന്ത്രി; വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണം
text_fieldsഡൽഹി: വിമർശനങ്ങൾക്കിടെ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി വീണ്ടും വാർത്താസമ്മേളനം വിളിച്ചു ചേർത്തു. ഇത്തവണ വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണമുണ്ട്. ഇന്ത്യയിൽ സന്ദർശനത്തിന് വന്ന മുത്തഖി വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു.
വിലക്കിനെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും നിശിതമായി വിമർശിച്ചിരുന്നു. താലിബാൻ നേതാവ് ലിംഗ വിവേചനം കാണിച്ചുവെന്നും ഇന്ത്യൻ സർക്കാർ ഇതിന് കൂട്ടു നിൽക്കുകയാണ് ചെയ്തതെന്നും വിമർശകർ ചൂണ്ടിക്കാട്ടി. വിലക്കിനെതിരെ സംസാരിക്കാതെ വാർത്താസമ്മേളനം നടത്താൻ ഇന്ത്യ അനുവദിച്ചത് ശരിയല്ലെന്ന് എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു. അഫ്ഗാൻ വിദേശകാര്യ മന്ത്രി പങ്കെടുത്ത വാർത്താ സമ്മേളനത്തിൽനിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് കടുത്ത വിവേചനപരമാണെന്ന് ഇന്ത്യൻ വിമൻ പ്രസ് കോർ (ഐ.ഡബ്ല്യൂ.പി.സി) അഭിപ്രായപ്പെട്ടു. എന്നാൽ, മുത്തഖി പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ തങ്ങൾക്ക് യാതൊരുപങ്കുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വിലക്കിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തു വന്നു. പൊതുവേദിയിൽനിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ അനുവദിക്കുമ്പോൾ എത്ര ദുർബലരാണ് ഇന്ത്യൻ സർക്കാറെന്ന് ജനങ്ങൾക്ക് മനസ്സിലായി. ‘നാരി ശക്തി’യെക്കുറിച്ചുള്ള മുദ്രാവാക്യങ്ങളിലെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണ് നിങ്ങളുടെ മൗനമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
വാർത്താ സമ്മേളനത്തിൽനിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ അഫ്ഗാന് എന്തധികാരമാണുള്ളതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ചോദിച്ചു. വിലക്കിനെ പ്രിയങ്ക ഗാന്ധിയും മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരവും വിമർശിച്ചിട്ടുണ്ട്. എന്നാൽ വനിതാ മാധ്യമപ്രവർത്തകരെ മനപൂർവ്വം ഒഴിവാക്കിയതല്ലെന്ന വിശദീകരണവുമായി താലിബാൻ രാഷ്ട്രീയ കാര്യാലയ മേധാവി സുഹൈൽ ശഹീൻ രംഗത്തുവന്നതിന് പിന്നാലെയാണ് വനിതാ മാധ്യമപ്രവർത്തകരെയും കൂടി ക്ഷണിച്ചുള്ള വാർത്താസമ്മേളനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

