താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; എത്തുന്നത് മൂന്നുദിന പര്യടനത്തിന്
text_fieldsന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. നേരത്തെ ഐക്യരാഷ്ട്രസഭയുടെ യാത്രാവിലക്ക് ഉണ്ടായിരുന്ന മുത്തഖിക്ക് യു.എൻ സുരക്ഷാ കൗൺസിൽ ഇതിനായി യാത്രാ ഇളവ് അനുവദിച്ചു. ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികൾക്കിടയിൽ മൂന്ന് ദിവസമാണ് ഇന്ത്യയിലെത്തുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
നേരത്തെ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കാനായിരുന്നു തീരുമാനം. എന്നാൽ, യുഎൻ അനുമതി വൈകിയതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു. 2021 ആഗസ്റ്റിൽ അഫ്ഗാനിൽ ഭരണത്തിലേറിയ ശേഷം താലിബാൻ മന്ത്രിയുടെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയാവും ഇത്.
താലിബാൻ ഭരണകൂടവുമായി ഇന്ത്യ കൂടുതൽ അടുക്കുന്നതിന്റെ സൂചന കൂടിയാണ് മുത്തഖിയുടെ സന്ദർശനം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മേയ് മാസത്തിൽ ഇദ്ദേഹം സംഭാഷണം നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ജനുവരിയിൽ ദുബായിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഏപ്രിൽ അവസാന വാരത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി എം ആനന്ദ് പ്രകാശിനെ ഇന്ത്യ കാബൂളിലേക്ക് അയക്കുകയും ചെയ്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് പിന്നാലെയാണ് മേയ് 15ന് ജയശങ്കർ മുത്തഖിയുമായി സംഭാഷണം നടത്തിയത്. പഹൽഗാം ആക്രമണത്തെ മുത്തഖി അപലപിച്ചതിനെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യ- അഫ്ഗാൻ ബന്ധം വഷളാക്കുന്ന തരത്തിലുള്ള തെറ്റായ റിപ്പോർട്ടുകൾ താലിബാൻ തള്ളിക്കളഞ്ഞതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

