ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സിഖ് നേതാവിനെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിലെ സിഖ് നേതാവായ നിദാൻ സിങ് സച്ദേവയെ കഴിഞ്ഞമാസം 22നാണ് പക്തിയ പ്രവിശ്യയിലെ ചംകാനി ജില്ലയിൽ നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. അഫ്ഗാൻ സർക്കാറിെൻറയും ഗോത്രവർഗ പ്രമുഖരുടെയും സഹായത്താലാണ് മോചനം സാധ്യമയത്. മോചനത്തിന് സഹായിച്ച അഫ്ഗാൻ സർക്കാറിനെയും ഗോത്രവർഗ പ്രമുഖരെയും വിദേശകാര്യമന്ത്രാലയം നന്ദി അറിയിച്ചു.
ന്യൂനപക്ഷ സമുദായ അംഗങ്ങളെ തീവ്രവാദികൾ ലക്ഷ്യമിടുന്നതും തട്ടിക്കൊണ്ടുപോകുന്നതും ആശങ്കയുണർത്തുന്നതാണെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. അഫ്ഗാനിൽ ഭീഷണി നേരിടുന്ന ഹിന്ദു-സിഖ് നേതാക്കളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ സുഗമമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.