അഫ്‌ഗാൻ വിദേശകാര്യ മന്ത്രിക്ക് ഇന്ത്യയിൽ വൻവരവേൽപ്പ്; ഉഭയകക്ഷി ബന്ധവും മേഖലയിലെ വിഷയങ്ങളും ചർച്ചയാകും
text_fieldsഅഫ്‌ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി
ന്യൂഡൽഹി: ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി അഫ്ഗാനിസ്താൻ ആക്ടിങ് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തി. 2021 ആഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിന് ശേഷം ആദ്യമായാണ് ഭരണതലത്തിലുള്ള ഒരാൾ ഇന്ത്യ സന്ദർശിക്കുന്നത്.
ഉഭയകക്ഷി ബന്ധത്തിലും മേഖലയിലെ വിഷയങ്ങളിലും ഇരുരാജ്യങ്ങൾ ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ വ്യക്തമാക്കി. ഒക്ടോബർ 16 വരെ മുത്തഖി ഇന്ത്യയിലുണ്ടാകും.
വിവിധ വിഷയങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും മുത്തഖി കൂടിക്കാഴ്ച നടത്തുമെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പബ്ലിക് റിലേഷൻസ് മേധാവി സിയ അഹമ്മദ് തകൽ ടോളോ ന്യൂസിനോട് വ്യക്തമാക്കി. കാബൂളും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യമെന്നും തകൽ അറിയിച്ചു.
അഫ്‌ഗാനുമായി അനൗദ്യോഗിക ആശയവിനിമയവും സഹകരണവും സജീവമാണെങ്കിലും നിലവിലുള്ള താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. താലിബാൻ ഭരണകൂടവുമായി ഇന്ത്യ അടുക്കുന്നതിന്‍റെ തുടക്കമാണ് മുത്തഖിയുടെ സന്ദർശനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മേയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജയ്ശങ്കർ- മുത്തഖി കൂടിക്കാഴ്ച. ജനുവരിയിൽ ദുബൈയിൽവെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായും മുത്തഖി ചർച്ച നടത്തിയിരുന്നു. അന്നത്തെ വിഷയങ്ങൾ തന്നെയാവും ഡൽഹി ചർച്ചയിലും ഇന്ത്യ മുന്നോട്ടുവെക്കുക.
ഇതിന് പിന്നാലെ ഏപ്രിൽ അവസാനം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശിനെ ഇന്ത്യ കാബൂളിലേക്ക് അയക്കുകയും ചെയ്തു. റഷ്യയിൽ നടന്ന 10 രാഷ്ട്രങ്ങളുടെ മോസ്കോ ഫോർമാറ്റ് സമ്മേളനത്തിൽ അഫ്ഗാൻ, ചൈന, ഇറാൻ, പാകിസ്താൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവരോടൊപ്പം ഇന്ത്യയും പങ്കെടുത്തതാണ്.
റഷ്യ മാത്രമാണ് ഇതുവരെ താലിബാന് ഔദ്യോഗിക അംഗീകാരം നൽകിയ രാജ്യം. 2021ൽ പുതിയ താലിബാൻ സർക്കാർ നിലവിൽ വന്നപ്പോൾ കാബൂളിലെ ഇന്ത്യൻ എംബസി അടച്ചെങ്കിലും വൈകാതെ സാങ്കേതിക ദൗത്യത്തിനായുള്ള ഇന്ത്യൻ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു.
ഭീകരപ്പട്ടികയിൽപ്പെട്ട താലിബാന്‍റെ സുപ്രധാന നേതാവെന്ന നിലയിൽ മുത്തഖിക്ക് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ഉപരോധമുണ്ട്. എന്നാൽ ഇന്ത്യാ സന്ദർശനത്തിന് വേണ്ടി യാത്രാ ഉപരോധത്തിൽ യു.എൻ ഒക്ടോബർ ഒമ്പത് മുതൽ 16 വരെ താൽകാലിക ഇളവ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

