വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിൽ; രണ്ടു മണിക്കൂർ നീണ്ട സാഹസിക യാത്ര, അതേ വിമാനത്തിൽ കാബൂളിലേക്ക് തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ചിരുന്ന് അഫ്ഗാനിസ്താനിൽ നിന്ന് 13കാരൻ ഇന്ത്യയിലേക്ക് പറന്നെത്തി. അഫ്ഗാൻ എയർലൈൻസായ കാം എയറിലായിരുന്നു കുട്ടിയുടെ സാഹസിക യാത്ര. തിങ്കളാഴ്ച രാവിലെ 11ന് കാം എയറിന്റെ ആർക്യു-4401 വിമാനത്തിൽ ഡൽഹിയിലെത്തിയ കുട്ടി സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.
വിമാനം ലാൻഡ് ചെയ്തതിന് ശേഷം സമീപത്ത് കറങ്ങി നടന്ന അഫ്ഗാൻ കുർത്ത ധരിച്ച ബാലനെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് വിമാനത്തിന്റെ പിൻഭാഗത്തെ സെൻട്രൽ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിൽ എത്തിയതാണെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലിന് ശേഷം, ഉച്ചയ്ക്ക് 12:30 ഓടെ പുറപ്പെട്ട അതേ വിമാനത്തിൽ തന്നെ കുട്ടിയെ തിരിച്ചയച്ചു.
ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പിൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

