Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

4 വർഷത്തിനിടെ കളംമാറിയത് 111 എം.പിമാരും എം.എൽ.എമാരും; നാഗാലാൻഡും ബംഗാളും മുന്നിൽ; എ.ഡി.ആർ റിപ്പോർട്ട്

text_fields
bookmark_border
Association for Democratic Reforms (ADR) emblem, the watchdog analyzing electoral data and political transparency in India.
cancel

ന്യൂഡൽഹി: 2022 മുതൽ 2026 വരെയുള്ള കാലയളവിൽ പാർലമെന്റിലേക്കോ വിവിധ സംസ്ഥാന നിയമസഭകളിലേക്കോ തെരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയത് 111 എം.പിമാരും എം.എൽ.എമാരുമെന്ന് പഠന റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആർ) നാഷണൽ ഇലക്ഷൻ വാച്ചും സംയുക്തമായി നടത്തിയ സമഗ്ര വിശകലനത്തിലാണ് രാജ്യത്തെ ജനവിധി അട്ടിമറിക്കുന്ന കൂറുമാറ്റങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

ഈ കാലയളവിലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും പരിശോധിച്ച റിപ്പോർട്ട് പ്രകാരം 26 ലോക്‌സഭാ എം.പിമാരും 7 രാജ്യസഭാ എം.പിമാരും 78 നിയമസഭാ അംഗങ്ങളും (എം.എൽ.എമാർ) പാർട്ടി മാറി. വ്യക്തിഗത കൂറുമാറ്റങ്ങൾ, പാർട്ടി ലയനങ്ങൾ, രാജി വെച്ച് ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ചവർ, അയോഗ്യരാക്കപ്പെട്ട ശേഷം ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവർ എന്നിവരെല്ലാം ഈ കണക്കുകളിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ കൂറുമാറ്റങ്ങൾ നടന്നത് നാഗാലാൻഡിലാണ് (32 എം.എൽ.എമാർ). ഭരണകക്ഷിയായ എൻ.ഡി.പി.പിയിൽ നിന്നും എം.എൽ.എമാർ നാഗാ പീപ്പിൾസ് ഫ്രണ്ടിലേക്ക് (എൻ.പി.എഫ്) മാറിയതാണ് ഇവിടെ പ്രധാനമായും പ്രതിഫലിച്ചത്.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിൽ നിന്ന് 20 ലോക്‌സഭാ എം.പിമാരാണ് പാർട്ടി മാറിയത്. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഈ 20 എം.പിമാരും നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിലേക്ക് (എൻ.സി.പി.ഐ) ചേക്കേറുകയും ലയനം അവകാശപ്പെടുകയും ചെയ്യുകയായിരുന്നു. വിഷയം നിലവിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ പരിഗണനയിലാണ്. തെലങ്കാനയിൽ നിന്ന് ഒൻപത് ബി.ആർ.എസ് എം.എൽ.എമാർ കോൺഗ്രസിലേക്ക് കൂറുമാറിയപ്പോൾ, ഗോവയിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോയി. പഞ്ചാബിൽ നിന്ന് ആറ് രാജ്യസഭാ എം.പിമാരും രണ്ട് എം.എൽ.എമാരും ഉൾപ്പെടെ എട്ട് പേരും, മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ പക്ഷത്തുനിന്ന് ആറ് എം.പിമാർ ഏക്‌നാഥ് ഷിൻഡെ പക്ഷത്തേക്കും കളംമാറ്റി.

പാർട്ടി അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ നഷ്ടപ്പെട്ടത് എൻ.ഡി.പി.പിക്കാണ് (25 പേർ). തൃണമൂൽ കോൺഗ്രസിന് 20 പേരെയും കോൺഗ്രസിന് 19 പേരെയും നഷ്ടമായി. ബി.ആർ.എസിൽ നിന്ന് ഒൻപതും, എ.എ.പി, എൻ.സി.പി എന്നിവയിൽ നിന്ന് ഏഴ് വീതവും പ്രതിനിധികൾ മറുചേരിയിലേക്ക് പോയി. അതേസമയം, മറുപക്ഷത്തുനിന്ന് ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ സ്വന്തമാക്കിയത് എൻ.പി.എഫും (32 പേർ), ബി.ജെ.പിയും (29 പേർ), എൻ.സി.പി.ഐയുമാണ് (20 പേർ). ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ഇത്തരം കൂറുമാറ്റങ്ങൾ കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എ.ഡി.ആർ, കൂറുമാറ്റ നിരോധന നിയമത്തിൽ സുപ്രധാന ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിച്ചു. കൂറുമാറ്റ പരാതികളിൽ സ്പീക്കർമാർക്ക് പകരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയോടെ എം.പിമാരുടെ കാര്യത്തിൽ രാഷ്ട്രപതിയും എം.എൽ.എമാരുടെ കാര്യത്തിൽ ഗവർണറും തീരുമാനമെടുക്കണമെന്നും, അയോഗ്യത ഹരജികളിൽ തീർപ്പുകൽപ്പിക്കാൻ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും സംഘടന ശുപാർശ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 111 MPs and MLAs Switched Parties Between 2022 and 2026, Nagaland and Bengal Lead: ADR Report
Next Story