'സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയുള്ള കച്ചവടമല്ല ദത്ത് നൽകൽ'; കുട്ടിയുടെ ഉത്തരവാദിത്വം വളർത്തമ്മക്ക് കൈമാറി സുപ്രീം കോടതി
text_fieldsഹൈദരബാദ്: തെലങ്കാനയിൽ രണ്ടു വയസ്സുള്ള ആൺകുട്ടിയുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വന്തം മാതാവ് കുഞ്ഞിനെ മറ്റുള്ളവർക്ക് വളർത്താൻ നൽകിയെന്നതുകൊണ്ട് മാത്രം അത് കുട്ടിയെ വിറ്റതാണെന്ന് മുൻകൂട്ടി അനുമാനിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നിരീക്ഷണത്തോടെ കുട്ടിയുടെ കസ്റ്റഡി ദത്തെടുത്ത മാതാപിതാക്കൾക്ക് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. അതേസമയം ഈ ഉത്തരവ് കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
2024 ഏപ്രിലിൽ ജനിച്ചയുടനെയാണ് ഈ ആൺകുട്ടിയുടെ അവിവാഹിതയായ അമ്മ കുഞ്ഞിനെ ഒരു ദമ്പതികൾക്ക് വളർത്താനായി നൽകിയത്. കുട്ടിയെ സ്നേഹത്തോടെ പരിചരിച്ച ആ ദമ്പതികൾ കൃത്യമായി വാക്സിനേഷനുകൾ എടുക്കുകയും ഒന്നാം പിറന്നാൾ ആഘോഷിക്കുകയും ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2025 ഫെബ്രുവരിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ ബലമായി ഏറ്റെടുക്കുകയാണുണ്ടായത്. ഇതിനെതിരെ ദത്തെടുത്ത മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2025 ജൂണിൽ ഹൈക്കോടതി ഹരജി തള്ളി. തുടർന്നാണ് അവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. ദത്തെടുത്ത മാതാപിതാക്കൾ കുഞ്ഞിനെ സ്വന്തം മകനെപ്പോലെ സ്നേഹത്തോടെയും ഉത്തരവാദിത്തത്തോടെയുമാണ് പരിപാലിച്ചതെന്ന് കോടതി എടുത്തുപറഞ്ഞു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി ഹൈദരാബാദിലെ ശിശു ഗൃഹത്തോട് കുട്ടിയുടെ കസ്റ്റഡി ഉടൻ തന്നെ ദത്തെടുത്ത മാതാപിതാക്കൾക്ക് കൈമാറാൻ നിർദ്ദേശിച്ചു.
തെലങ്കാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്നും സംസ്ഥാനത്ത് നടക്കുന്ന വലിയൊരു അന്തർസംസ്ഥാന ശിശുക്കടത്ത് റാക്കറ്റിന്‍റെ ഭാഗമാണെന്നും വാദിച്ചിരുന്നു. ഇടനിലക്കാർ വഴി ദത്തെടുക്കലിന്‍റെ പേരിൽ കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘങ്ങൾ ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഈ വിധി ഈ പ്രത്യേക കേസിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതാണെന്നും മറ്റ് കുട്ടികളെ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

