സ്വാശ്രയ കോളജ് പ്രവേശനം: േമൽനോട്ട സമിതിക്ക് അധികാരം
text_fieldsന്യൂഡൽഹി: സ്വാശ്രയ കോളജുകളിലെ പ്രവേശനകാര്യങ്ങളിൽ സ്വമേധയാ ഇടെപടാനും നടപടിയെടുക്കാനും സർക്കാർ നിയോഗിച്ച പ്രവേശന മേൽനോട്ട സമിതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. കരുണ, കണ്ണൂർ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2015ലെ പ്രവേശനവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതി വിധി.
കേരളത്തിലെ പ്രഫഷനൽ കോളജുകളിലെ തലവരി നിരോധന, ഫീസ് നിർണയ നിയമത്തിലെ 4(6), 4(7) വകുപ്പുകൾ മേൽനോട്ട സമിതിക്ക് നൽകിയ അധികാരം ഹൈകോടതി ശരിവെച്ചിരുന്നു. പ്രവേശനം നേടിയ വിദ്യാർഥികളുടെ പട്ടിക മുൻകൂറായി ചോദിക്കാൻ അധികാരമുണ്ടെന്ന ഹൈകോടതി വിധി അംഗീകരിക്കുകയാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
സമിതിയുടെ അധികാരം നിയമസഭ ബോധപൂർവം വെട്ടിച്ചുരുക്കാതിരുന്നതാണെന്ന് ഉത്തരവ് തുടർന്നു. സമിതിക്ക് വകവെച്ചുകൊടുത്ത അധികാരങ്ങളായ മേൽനോട്ടത്തിലും മാർഗനിർദേശത്തിലും സ്വമേധയാ നടപടിയെടുക്കാനാകുമെന്നും കോടതി വ്യക്തമാക്കി.