നിയമവിരുദ്ധ മതപരിവര്‍ത്തനം രാജ്യത്തിനെതിരെയുള്ള ഗൂഢാലോചന; വെച്ചു പൊറുപ്പിക്കില്ല- യോഗി ആദിത്യനാഥ്
text_fieldsലഖ്‌നൗ: നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ദുര്‍ബലപ്പെടുത്തുമെന്നും തന്റെ ഭരണത്തിന് കീഴില്‍ അത് വെച്ചുപൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു. തേജ് ബഹദൂര്‍ സന്ദേശ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക, സാമൂഹിക സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണ് നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
ബല്‍റാംപൂരില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ടിങ് ലഭിച്ചിട്ടുണ്ടെന്നും യോഗി ആരോപിച്ചു. ചില ശക്തികള്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ മാറ്റാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്നും ഇത് സാമൂഹിക ഐക്യത്തിനു നേരെയുള്ള ആക്രമണമാണെന്നും ഇത് സഹിക്കാന്‍കഴിയില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു. പട്ടികജാതി വിഭാഗങ്ങളെ വശീകരിച്ച് മതം മാറ്റാന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത്തരം പ്രവൃത്തികള്‍ ഭരണഘടനയുടെ ആത്മാവിനും സാമൂഹിക സമത്വത്തിനും എതിരാണെന്നും യോഗി പറഞ്ഞു.
മുഗള്‍ ഭരണാധികാരിയായ ഔറംഗസേബിനേയും യോഗി തന്റെ പ്രസംഗത്തിനിടെ വിമര്‍ശിച്ചു. ഔറംഗസേബ് സനാതന ധർമത്തെ അടിച്ചമര്‍ത്താനും ഇസ്‌ലാമിക ആധിപത്യം സ്ഥാപിക്കാനും ശ്രമിച്ചുവെന്നും എന്നാല്‍ ഗുരു തേജ് ബഹദൂര്‍ അതിനെതിരെ പോരാടി തന്റെ ആശയങ്ങള്‍ അടിയുറവ് വെക്കാതെ രക്തസാക്ഷിത്വം വരിച്ചെന്നും യോഗി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

