'രാഷ്ട്രപത്നി' പരാമർശത്തിൽ മാപ്പുമായി അധിർ രഞ്ജൻ ചൗധരി
text_fieldsന്യൂഡൽഹി: 'രാഷ്ട്രപത്നി' പരാമർശത്തിന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് രേഖാമൂലം മാപ്പു പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൂടി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് അകത്തും പുറത്തും ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ് മാപ്പ് അഭ്യർഥിച്ച് ലോക്സഭയിലെ കോൺഗ്രസ് സഭാനേതാവ് രാഷ്ട്രപതിക്ക് എഴുതിയത്.
''താങ്കൾ കൈയാളുന്ന പദവി വിശദീകരിക്കാൻ അനുചിതമായ പദം തെറ്റി ഉപയോഗിച്ചതിൽ ക്ഷമാപണം പ്രകടിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. ഇതെന്റെ നാക്കുപിഴയായിരുന്നുവെന്ന് ഞാനുറപ്പ് നൽകുന്നു. അതിനാൽ ഈ ക്ഷമാപണം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു'' -ചൗധരി ക്ഷമാപണ കത്തിൽ കുറിച്ചു. മോദിസർക്കാർ ഇ.ഡിയെ ഉപയോഗിച്ച് സോണിയ ഗാന്ധിയെ വേട്ടയാടുന്നതിനെതിരെ കോൺഗ്രസ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായി ബുധനാഴ്ച വിജയ് ചൗക്കിൽ ഒത്തുചേർന്നപ്പോഴാണ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശമുണ്ടായത്. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ച ചാനൽ റിപ്പോർട്ടറോട് 'രാഷ്ട്രപത്നി'യെ കാണാൻ എന്ന് മറുപടി നൽകി.
വിഷയം ബി.ജെ.പി വിവാദമാക്കിയപ്പോൾ ബി.ജെ.പിയോട് താൻ മാപ്പുപറയില്ലെന്നും മാപ്പു പറയണമെന്നുണ്ടെങ്കിൽ രാഷ്ട്രപതിയെ നേരിൽ കാണുമെന്നുമായിരുന്നു ചൗധരിയുടെ നിലപാട്. അവരെ തന്റെ പരാമർശം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നൂറുവട്ടം മാപ്പുപറയാൻ താനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ചൗധരി നടത്തിയത് രാഷ്ട്രപതിക്കെതിരെയുള്ള ലിംഗപരമായ ആക്ഷേപമാണെന്ന പ്രചാരണം വെള്ളിയാഴ്ചയും തുടർന്ന ബി.ജെ.പി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ആവർത്തിച്ചു.
സോണിയ ഗാന്ധി മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. ലോക്സഭ തുടർച്ചയായ രണ്ടാം ദിവസവും ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് നിർത്തിവെച്ചു തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
സോണിയ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു.
എന്നാൽ, മറുഭാഗത്ത് സോണിയയെ അപമാനിച്ച കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിക്കും നിർമല സീതാരാമനുമെതിരെ ലോക്സഭ സ്പീക്കർക്കും രാജ്യസഭ ചെയർമാനും കോൺഗ്രസ് പരാതി നൽകി.
വിവാദം കത്തിനിൽക്കെ രാഷ്ട്രപതി ഭവനിലേക്ക് മുതിർന്ന ബി.ജെ.പി നേതാക്കളുടെ സന്ദർശന പ്രവാഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

