മമതയെ പിന്തുണക്കാനാവില്ലെന്ന് ആധിർ രഞ്ജൻ ചൗധരി
text_fieldsന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പിന്തുണക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി. തന്നെയും പാർട്ടിയേയും തകർക്കാൻ ശ്രമിക്കുന്ന ഒരാളെ പിന്തുണച്ച് സംസാരിക്കാനാവില്ലെന്ന് ചൗധരി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ചൗധരിയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തത്.
മമത ബാനർജിക്കെതിരായ പ്രതികരണങ്ങളിൽ ചൗധരിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയിരുന്നു. മമത ഇൻഡ്യ സഖ്യനേതാവാണെന്നും അവർക്കെതിരായുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നിലപാട് മാറ്റമില്ലെന്ന് അറിയിച്ച് ആധിർ രഞ്ജൻ ചൗധരി രംഗത്തെത്തിയത്.
ബംഗാളിൽ തന്നെയും പാർട്ടിയേയും നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായി സംസാരിക്കാനാവില്ല. ഓരോ കോൺഗ്രസ് പ്രവർത്തകനും വേണ്ടിയാണ് തന്റെ പോരാട്ടം. അവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. കോൺഗ്രസിന്റെ ബഹരാംപൂർ സ്ഥാനാർഥിയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു സംസ്ഥാന അധ്യക്ഷൻ. യൂസഫ് പത്താനാണ് ഇവിടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി.
മമതയോട് വ്യക്തപരമായ വൈരാഗ്യമില്ലെന്നും അവരുടെ ആശയങ്ങളെയാണ് എതിർക്കുന്നതെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. അവരുടെ വ്യക്തപരമായ അജണ്ടക്ക് നിന്നുകൊടുക്കാനാവില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു. മമതയെ വിശ്വസിക്കാനാവില്ലെന്നും ഇൻഡ്യ സഖ്യത്തിൽ നിന്നും പുറത്തുപോയി അവർ ബി.ജെ.പിയുമായി കൈകോർക്കുമെന്നുമായിരുന്നു ചൗധരിയുടെ നേരത്തെയുള്ള പ്രസ്താവന. എന്നാൽ, മമത സഖ്യത്തിലുണ്ടെന്നായിരുന്നു ചൗധരിയെ തള്ളി ഖാർഗെയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

