ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ ചൗധരി രാജിവെച്ചു; തീരുമാനമെടുക്കാതെ എ.ഐ.സി.സി
text_fieldsകൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിൽ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പി.സി.സി യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്.
രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുര്‍ഷിദാബാദിലെ ബഹറാംപുര്‍ മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട അധീര്‍ ചൗധരി ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനോട് പരാജയപ്പെട്ടിരുന്നു. തൃണമൂലിനെ ഇൻഡ്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അധീർ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഇത്തവണ കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണ് മത്സരിച്ചത്. ‘മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദേശീയ അധ്യക്ഷനായ ശേഷം സംസ്ഥാന അധ്യക്ഷന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഒരു മുഴുവന്‍ സമയം അധ്യക്ഷനെ നിയമിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും’ -രാജി പ്രഖ്യാപനത്തിനുശേഷം അധീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭാ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം വ്യാഴാഴ്ച മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മമതയുടെ കടുത്ത വിമര്‍ശകനായ അധീറിനെ കൂടിക്കാഴ്ച ചൊടിപ്പിച്ചിരുന്നു. പിന്നാലെയാണ് രാജിപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

