ന്യൂഡൽഹി: സിഖ് വിരുദ്ധകലാപ കേസിൽ വിചാരണ സമയത്ത് മുഖ്യസാക്ഷികളെ വേണ്ടരീതിയിൽ വിസ്തരിച്ചില്ലെന്ന് സുപ്രീംകോടതി. പ്രധാന സാക്ഷികൾക്ക് ഒരുതവണ മാത്രം നോട്ടീസ് അയക്കുകയും ഇവർ ഹാജരാകാത്തതിനാൽ തെളിവെടുപ്പ് അവസാനിപ്പിക്കുകയുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. കലാപവുമായി ബന്ധപ്പെട്ട് പ്രതികൾ കുറ്റമുക്തരാക്കപ്പെട്ട അഞ്ചു കേസുകളിൽ പുനർ വിചാരണ വേണമെന്ന് കഴിഞ്ഞവർഷം മാർച്ചിൽ ഡൽഹി ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് പുനർ വിചാരണ നടത്താൻ എന്തിനാണ് വിമുഖത കാണിക്കുന്നതെന്ന് ചോദിച്ച് വിട്ടയക്കപ്പെട്ട 10 പേർക്ക് ഹൈകോടതി കാരണം കാണിക്കൽ നോട്ടീസും അയച്ചു. ഇതിനെതിരെ മുൻ ഡൽഹി എം.എൽ.എ മഹേന്ദർ സിങ് യാദവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ചത്തെ സുപ്രീംകോടതി ഉത്തരവ് ഹരജിക്കാരെൻറ അഭിഭാഷകൻ ഡൽഹി ഹൈകോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹരജി മാർച്ച് 21ന് പരിഗണിക്കാൻ മാറ്റിവെച്ചു.
കേസ് സി.ബി.െഎ പരിശോധിക്കുകയാണെന്നും ഹരജിയിൽ സി.ബി.െഎയെ കക്ഷിചേർക്കണമെന്നും ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് ബോധിപ്പിച്ചു.
എന്നാൽ, കേസിൽ കക്ഷിചേർക്കാൻ സി.ബി.െഎ പ്രത്യേക ഹരജി നൽകണമെന്ന് സുപ്രീകോടതി നിർദേശിച്ചു. മുഖ്യസാക്ഷികളെ ശരിയായി വിസ്തരിക്കാതെയാണ് പ്രതികളെ കുറ്റമുക്തരാക്കിയതെന്ന് കലാപത്തിലെ ഇരകൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക പറഞ്ഞു.
സാക്ഷിമൊഴികൾ വേണ്ടരീതിയിൽ പരിഗണിക്കാതെയാണ് പ്രതികളെ വെറുതെ വിട്ടതെന്നും കേസ് തീർക്കുന്നതിൽ വിചാരണ കോടതി ധിറുതി കാട്ടിയെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു. 1984 ഒക്ടോബർ 31ന് പ്രധാനമന്ത്രി ഇന്ധിരഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നാണ് ഡൽഹിയിൽ സിഖുകാരെ കൂട്ടക്കൊല ചെയ്തത്.