നോട്ട് ക്ഷാമം താൽക്കാലികം, കറൻസി ഉടനെത്തിക്കും-ധനമന്ത്രി
text_fieldsന്യൂഡൽഹി: കറൻസി ക്ഷാമം താൽക്കാലികം മാത്രമാണെന്നും എടിഎമ്മുകളിൽ ആവശ്യത്തിന് നോട്ടുകൾ ഉടൻ എത്തുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബാങ്കുകളിൽ വിനിമയത്തിന് ആവശ്യത്തിന് നോട്ടുകളുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇവ ലഭ്യമാകുമെന്നും അരുൺ ജെയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പെട്ടെന്ന് അസാധാരണമാം വിധം നോട്ടുകൾക്ക് ആവശ്യം നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടത്. ചൊവ്വാഴ്ചയും ചില സംസ്ഥാനങ്ങളിൽ നോട്ട് ക്ഷാമുണ്ട് എന്ന വാർത്ത വന്നതോടെയാണ് ധനമന്ത്രി ട്വിറ്ററിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
എന്നാൽ, ആർ.ബി.ഐ രേഖകൾ പ്രകാരം 18.17 ലക്ഷം കോടി രൂപയാണ് ഇപ്പോൾ വിനിമയത്തിലുള്ളത്. നോട്ട് നിരോധനകാലത്തെ വിനിമയ നിരക്കിന് തുല്യമാണിത്. ഡിജിറ്റലൈസേഷൻ മൂലം കറൻസികളുടെ ഉപഭോഗം കുറഞ്ഞതിനാൽ കറൻസി ഉപയോഗത്തിൽ വർധന രേഖപ്പെടുത്തിയിട്ടില്ല.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ഗവൺമെന്‍റഅ പ്രിന്‍റിങ് പ്രസുകളും പതിവുപോലെ നോട്ടുകൾ വിനിമയത്തിനായി കൈമാറുന്നുമുണ്ട്. രണ്ടായിരം നോട്ടുകൾ പൂഴ്ത്തിവെക്കുന്നുണ്ടെന്ന് വ്യാപാരികൾ ആരോപിക്കുന്നു.