ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരത്തിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) വക്താവ് ഗജാനൻ കാലെ, ശവകുടീരം തകർക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. എന്തിനാണ് മഹാരാഷ്ട്രയിൽ ഔറംഗസേബിന്റെ ശവകുടീരമെന്ന് ഇയാൾ ട്വിറ്ററിൽ ചോദിച്ചു.
ഇത് തകർത്താൽ അവിടേക്ക് ആരും പോകില്ലെന്നും തുടർന്നു. പ്രകോപനപരമായ ട്വീറ്റിന് പിന്നാലെ, ശവകുടീരം സ്ഥിതിചെയ്യുന്ന ഖുൽതാബാദ് മേഖലയിലെ ചിലർ, സംരക്ഷണത്തിനെന്നോണം ഇവിടം പൂട്ടാൻ ശ്രമിച്ചു. ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കാണ് (എ.എസ്.ഐ) ശവകുടീരത്തിന്റെ ചുമതല. ദിവസങ്ങൾക്കുമുമ്പ് എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഉവൈസി ശവകുടീരം സന്ദർശിച്ചതിന് വിമർശനവുമായി ശിവസേനയും എം.എൻ.എസും രംഗത്തുവന്നിരുന്നു.
വിവരം പൊലീസിനെ അറിയിച്ചതായി എ.എസ്.ഐ സർക്കിൾ സൂപ്രണ്ട് മിലൻ കുമാർ ചൗലെ പറഞ്ഞു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതായും അദ്ദേഹം വ്യക്തമാക്കി.