Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅദാനിയുടെ വായ്പാഭാരം...

അദാനിയുടെ വായ്പാഭാരം 2.30 ലക്ഷം കോടി; ബാങ്കുകളെ നിർബന്ധിക്കുന്നത് ആര്? -കോൺഗ്രസ്

text_fields
bookmark_border
അദാനിയുടെ വായ്പാഭാരം 2.30 ലക്ഷം കോടി; ബാങ്കുകളെ നിർബന്ധിക്കുന്നത് ആര്? -കോൺഗ്രസ്
cancel

ന്യൂഡൽഹി: പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം വായ്പാഭാരത്താൽ വീർത്തുകെട്ടിയതാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ, ബാങ്കുകളെ വഴിവിട്ട് വായ്പ നൽകാൻ നിർബന്ധിക്കുന്നത് ആരാണെന്ന ചോദ്യമുയർത്തി കോൺഗ്രസ്.

സർക്കാറിനെ നയിക്കുന്നവരുടെ ഏതാനും സുഹൃത്തുക്കൾക്ക് ബാങ്കുകൾ നിർലോപം തളികയിൽവെച്ച് വായ്പ നൽകുന്നത് സമ്പദ്‍വ്യവസ്ഥക്ക് ആശങ്ക സൃഷ്ടിക്കുന്നതായി കോൺഗ്രസ് വക്താക്കളായ ജയ്റാം രമേശ്, ഗൗരവ് വല്ലഭ് എന്നിവർ പറഞ്ഞു. ബാങ്കുകൾക്കുമേൽ സമ്മർദം ചെലുത്തുന്നത് ആരാണെന്ന് ജനം അറിയേണ്ടതുണ്ട്. 2020 ഏപ്രിൽ മുതൽ 2022 ജൂൺ വരെയുള്ള കാലത്ത് അദാനി ഗ്രൂപ് നേടിയ 48,000 കോടി രൂപയുടെ പ്രധാന വായ്പകളിൽ 40 ശതമാനവും നൽകിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. എസ്.ബി.ഐ 18,770 കോടിയാണ് വായ്പ നൽകിയിരിക്കുന്നത്.

ഗൗതം അദാനി നയിക്കുന്ന കമ്പനികളുടെ മൊത്തം കടബാധ്യത 2.30 ലക്ഷം കോടിയാണെന്ന് ന്യൂയോർക് കേന്ദ്രമായ വായ്പ നിരീക്ഷണ ഏജൻസി ക്രെഡിറ്റ് സൈറ്റ്സ് നടത്തിയ വിശകലനത്തിൽ തെളിഞ്ഞതാണ്. എല്ലാവിധ കരാറുകളും തന്റെ സുഹൃത്തുക്കൾക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുവരുത്തുന്നു. അവരുടെ ബിസിനസിന് ആക്കംപകരാൻ ബാങ്കിന്റെ കലവറ തുറന്നുകൊടുക്കുന്നു. വായ്പാഭാരത്തിന്റെ അപകടം കണക്കിലെടുക്കാതെതന്നെ 2.3 ലക്ഷം കോടി വായ്പ അനുവദിക്കുന്നു. സമ്പദ്‍വ്യവസ്ഥയെ തകർത്ത് കോർപറേറ്റ് സുഹൃത്തുക്കളെ കൊഴുപ്പിക്കുകയാണ് ചെയ്യുന്നത്.

ഏറ്റവുമൊടുവിൽ കൺകെട്ടുവിദ്യപോലെ എൻ.ഡി.ടി.വിയുടെ 29.19 ശതമാനം ഓഹരി അദാനി ഗ്രൂപ് കൈക്കലാക്കി. ചാനൽ തുടങ്ങിയവരോട് സംസാരിക്കുകയോ അനുമതി നേടുകയോ ചെയ്യാതെയാണിത്. 26 ശതമാനംകൂടി വാങ്ങുകയുമാണ്. പിന്നാമ്പുറത്തുകൂടി ഓഹരി കൈക്കലാക്കിയ വിഷയം ധനമന്ത്രാലയവും ഓഹരി വിപണി നിയന്ത്രകരായ 'സെബി'യും കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?

കാറ്റിൽനിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നൽകാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധിച്ചുവെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സിലോൺ വൈദ്യുതി ബോർഡ് ചെയർമാൻ ശ്രീലങ്കൻ പാർലമെന്ററി സമിതി മുമ്പാകെ പറഞ്ഞ കാര്യം കോൺഗ്രസ് ചൂണ്ടിക്കാട്ടി.

മോദിസർക്കാറിന്റെ വായ്പരീതിയും ഉത്കണ്ഠജനകമാണ്. നടപ്പു സാമ്പത്തികവർഷം കേന്ദ്രസർക്കാറിന്റെ അകം-പുറം വായ്പബാധ്യത 152.17 ലക്ഷം കോടി കവിയുമെന്നാണ് കണക്കാക്കുന്നത്. 2013-14ൽ ഇത് 55.9 ലക്ഷം കോടി മാത്രമായിരുന്നു. ആളോഹരി വായ്പബാധ്യത 2014 മാർച്ച് 31ന് 43,124 രൂപയായിരുന്നത് ഇപ്പോൾ 1.09 ലക്ഷം രൂപയാണെന്നും കോൺഗ്രസ് വക്താക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adanidebt burdenCongress
News Summary - Adani's debt burden is Rs 2.30 lakh crore; Who forces the banks? -Congress
Next Story