പ്രകാശ് രാജിന് ഇ.ഡി സമൻസ്
text_fieldsചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമൻസ്. ചെന്നൈ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദേശം.നേരത്തെ കേസുമായി ബന്ധപ്പെട്ട് ട്രിച്ചിയിലെ പ്രണവ് ജ്വല്ലറിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. നവംബർ 20ന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരുന്നു റെയ്ഡ്.
പ്രണവ് ജ്വല്ലറി നടത്തിയ നിക്ഷേപ തട്ടിപ്പിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പ്രകാശ് രാജിന് സമൻസ് നൽകിയതെന്നാണ് ഇ.ഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിക്കുന്നത്. 58കാരനായ പ്രകാശ് രാജാണ് പ്രണവ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡർ. നേരത്തെ പ്രണവ് ജ്വല്ലറിയിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 23.70 ലക്ഷം രൂപയും 11.60 കിലോ ഗ്രാം സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
ട്രിച്ചിയിലെ ഇക്കണോമിക് ഒഫൻസ് വിങ്ങാണ് ജ്വല്ലറിക്കെതിരെ കേസെടുത്തത്. തുടർന്ന് ഇ.ഡി കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സ്വർണ നിക്ഷേപ പദ്ധതിക്കായി പൊതുജനങ്ങളിൽ നിന്ന് 100 കോടി രൂപയാണ് ജ്വല്ലറി പിരിച്ചെടുത്തത്. മികച്ച റിട്ടേൺ വാഗ്ദാനം ചെയ്തായിരുന്നു പണം സ്വരൂപിച്ചത്. എന്നാൽ, ഇതിൽ പരാജയപ്പെട്ടതോടെയാണ് ജ്വല്ലറിക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

