കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിക്കാൻ ബൈക്ക് വിൽക്കാനൊരുങ്ങി നടൻ ഹർഷവർധൻ റാണെ
text_fieldsമുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ ദൗർലഭ്യം മൂലം കോവിഡ് രോഗികൾ വിഷമിക്കുന്ന സാഹചര്യത്തിൽ, ഓക്സിജൻ സഹായപ്രവർത്തനങ്ങളിൽ തേന്റതായ പങ്ക് വഹിക്കാനുള്ള ശ്രമത്തിലാണ് നടൻ ഹർഷവർധൻ റാണെ. ഇതിനുവേണ്ടി തന്റെ പ്രിയപ്പെട്ട ബൈക്ക് വിൽക്കാൻ ഒരുങ്ങുകയാണ് താരം.
മഞ്ഞ നിറത്തിലുള്ള റോയൽ എൻഫീൽഡ് ബൈക്ക് വിറ്റ് ലഭിക്കുന്ന പണം കൊണ്ട് ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങി വിഷമം അനുഭവിക്കുന്നവർക്ക് കൈമാറാനാണ് ഹർഷവർധൻ പദ്ധതിയിടുന്നത്. ബൈക്കിന്റെ ചിത്രവും ആവശ്യവും അറിയിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ആവശ്യക്കാരെ സഹായിച്ച് നമുക്ക് കോവിഡിനെ നേരിടാമെന്നും ഹൈദരാബാദിലെ മികച്ച ഓക്സിജൻ കോൺസൺട്രേറ്ററുകൾ കണ്ടെത്താൻ തന്നെ സഹായിക്കണമെന്നുമാണ് താരം പോസ്റ്റിലൂടെ അഭ്യർഥിച്ചത്.
കഴിഞ്ഞ വർഷം ഹർഷവർധന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വലിയ ചെക്കുകൾ ഒപ്പുവെക്കാനുള്ള സാഹചര്യത്തിലല്ല താനെന്നും അതിനാലാണ് ബൈക്ക് വിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 'സനം തേരി കസം' എന്ന ചിത്രത്തിലൂടെയാണ് ഹർഷവർധൻ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ സജീവമാകുകയായിരുന്നു. 'നാ ഇഷ്ടം', 'പ്രേമ ഇഷ്ക് കാതൽ', 'അനാമിക', 'അവുനു2', 'കവചം' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഹർഷവർധൻ.

