മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ബോളിവുഡിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുകോൺ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് സൗത്ത് മുംബൈയിലെ എൻ.സി.ബി ഒാഫീസിൽ ദീപിക ഹാജരായത്.
ദീപികയും ശ്രദ്ധ കപൂറും മയക്കുമരുന്ന് ആവശ്യപ്പെടുന്നതിന്റെ വാട്ട്സ്ആപ്പ് ചാറ്റും പുറത്തായിരുന്നു. മയക്ക് മരുന്ന് ഉപയോഗിച്ചവര്‍ ഡി, കെ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തിട്ടുണ്ട്. ഡി എന്നത് ദീപികയും കെ എന്നത് കരിഷ്മയുമാണെന്നുമാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും നടി രാഹുൽ പ്രീത് സിങ്ങും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുമ്പാകെ ഹാജരായിരുന്നു.
അറസ്റ്റിലായ സുശാന്തിന്‍റെ കാമുകി റിയ ചക്രബർത്തിയുടെ ഫോണിലുള്ള സംഭാഷണത്തിൽ രാകുലിനും ലഹരിമരുന്ന് ഇടപാടിൽ പങ്കുണ്ടെന്ന സൂചന എൻ.സി.ബി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. റിയയുടെ മൊഴിയിൽ രാകുലിന്റെയും സാറ അലി ഖാന്റെയും പേര് പരാമർശിച്ചിരുന്നു. ഇവര്‍ സുശാന്തുമൊത്ത് പുണെയിലെ ഐലന്‍ഡില്‍ നിരവധി തവണ സന്ദര്‍ശിച്ചുവെന്നാണ് വിവരം.
സുശാന്തിന്‍റെ മരണത്തിൽ റിയ ചക്രവർത്തിയും സഹോദരൻ ശൗവിക് ചക്രവർത്തിയും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ലഹരി മരുന്ന് കേസിൽ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.