ന്യൂഡൽഹി: ദുർഗാദേവിയായി വേഷമിട്ട് ഫോേട്ടാ ഷൂട്ട് നടത്തിയ ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന് വധഭീഷണി. ദുർഗയായി വേഷമിട്ട് കൈയിൽ തൃശൂലവുമായി നിൽക്കുന്ന ചിത്രം നുസ്രത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതെ തുടർന്നാണ് താരത്തിനെതിരെ വധഭീഷണി ഉയർന്നത്.
മുസ്ലിം മതവിശ്വാസിയായ യുവതി ഹിന്ദുദൈവമായി വേഷം ധരിച്ചതും ചിത്രം പ്രചരിപ്പിച്ചതും ഇസ്ലാമിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. 'അള്ളാഹുവിനെ ഭയപ്പെടാത്ത നിങ്ങൾക്ക് മരണമാണ് കൂലി' എന്ന തരത്തിലുള്ള സന്ദേശങ്ങളും ഫോൺകോളുകളും ലഭിച്ചതായും താരം വെളിപ്പെടുത്തി.
വധഭീഷണി ഉള്ളതിനാൽ തനിക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന് താരം സംസ്ഥാന സർക്കാറിനോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. എന്നാൽ ഇവർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.