ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹഥ്രസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുന്നു. കോൺഗ്രസ്, ഇടതു സംഘടനകൾ, ഭീം ആർമി പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ യു.പി ഭവനും ഇന്ത്യ ഗേറ്റിന് മുമ്പിലും ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. ചൊവ്വാഴ്ച പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചതിന് ശേഷം രാജ്യ തലസ്ഥാനം നിരവധി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ബന്ധുക്കളുടെ സമ്മതമില്ലാതെ അർധരാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് സംസ്കരിച്ചതിനെതിരെയും പ്രതിഷേധം ശക്തമായി.
ബുധനാഴ്ച രാവില യു.പി ഭവന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തകരെയും ഇടതു സംഘടന പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
നിരോധനം ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ തടിച്ചുകൂടിയതിനുമാണ് പ്രവർത്തകരെ നീക്കം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്തവരിൽ കൂടുതലും വിദ്യാർഥികളും സ്ത്രീകളുമാണ്. ഇടതു അനുകൂല വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡൻറ്സ് അസോസിയേഷെൻറ (ഐസ) നേതൃത്വത്തിൽ ബുധനാഴ്ച വൈകുന്നേരം ആഹ്വാനം ചെയ്തിരുന്ന മെഴുകുതിരി തെളിയിച്ചുള്ള പ്രതിഷേധം പൊലീസ് തടഞ്ഞു. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കം ചെയ്തതായും സ്ത്രീകളെ ഉപദ്രവിച്ചതായും ഐസ ആരോപിച്ചു.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വീട്ടുതടങ്കലിൽ
പ്രതിഷേധം കനത്തതോടെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യു.പി പൊലീസ് വീട്ടുതടങ്കലിലാക്കി. സഹാരൻപുരിലെ വീട്ടിലാണ് ഇപ്പോൾ അദ്ദേഹം. 'നമ്മുടെ സഹോദരിയെ കുടുംബത്തിെൻറ അഭാവത്തിൽ, അവരുടെ സമ്മതമില്ലാതെ അർധരാത്രിയിൽ പൊലീസ് സംസ്കരിച്ചതെങ്ങനെയാണെന്ന് ലോകം മുഴുവൻ കണ്ടു. സർക്കാരിെൻറയും പൊലീസിെൻറയും ധാർമികത മരിച്ചു. ബുധനാഴ്ച രാത്രിയോടെ എന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സഹാരൻപുരിലെ വീട്ടിൽ തടങ്കലിലാക്കുകയും ചെയ്തു. എങ്കിലും ഇതിനെതിരെ പോരാടും' -ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.