ഗ്രാമത്തിലെ 'ദേവത'യുമായി 11കാരന്‍റെ വിവാഹം ഉറപ്പിച്ച് വീട്ടുകാരും ഗുരുജിയും; ക്ലൈമാക്സ് പൊലീസ് സ്റ്റേഷനിൽ
text_fieldsപുനെ: പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയും ഗ്രാമത്തിലെ ദേവതയുമായുള്ള വിവാഹം പൊലീസ് തടഞ്ഞു. 'ജെൻമാൽ' എന്ന പേരിൽ പ്രദേശത്ത് നിലനിൽക്കുന്ന അന്ധവിശ്വാസ പ്രകാരമാണ് പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയും ഗ്രാമത്തിലെ ആരാധന മൂർത്തിയായ 'ദേവി'യും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചത്.
മഹാരാഷ്ട്രയിലെ അന്ധശ്രദ്ധ നിർമൂലൻ സമിതി അംഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വിവാഹചടങ്ങ് ഉപേക്ഷിച്ചത്. സമിതി പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന്, പൊലീസ് ഇടപെട്ട് ചടങ്ങ് നിർത്തി വെക്കുകയുമായിരുന്നു.
നവംബർ 28നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. 23ന് ഹൽദി ചടങ്ങുകൾ നടന്നിരുന്നു. നവംബർ 27ന് കുട്ടിയേയും മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഗ്രാമത്തിലെ ഗുരുജിയാണ് വിവാഹത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്.
ഇതനുസരിച്ച് ഗുരുജിയുമായി ബന്ധപ്പെട്ട പൊലീസിനോട് തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു ഗുരുജിയുടെ പ്രതികരണം. തുടർന്ന് വിവാഹം നടത്തില്ലെന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചു. വിവാഹത്തിന് വേണ്ടി ചെലവഴിക്കാനിരുന്ന പണം കുട്ടിയുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കാമെന്ന് മാതാപിതാക്കൾ പൊലീസിനും സമിതി പ്രവർത്തകർക്കും ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

