Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമർ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

text_fields
bookmark_border
അയർലൻറിലെ ചടങ്ങിൽ പിതാവ് എസ്.ക്യു.ആർ ഇല്യാസ് പുരസ്കാരം ഏറ്റുവാങ്ങി
Activist Umar Khalid representing his recognition with the 2026 Front Line Defenders Human Rights award.
cancel
camera_alt

ഉമർ ഖാലിദ്


ഡബ്ലിൻ: 2020-ലെ ഡൽഹി കലാപ ഗൂഢാലോചന കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ആറ് വർഷത്തിലേറെയായി വിചാരണയില്ലാതെ തിഹാർ ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ ഗവേഷണ വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം. അയർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മനുഷ്യാവകാശ സംഘടനയായ 'ഫ്രണ്ട് ലൈൻ ഡിഫെൻഡേഴ്സ്' ഏർപ്പെടുത്തിയ 2026-ലെ 'ഹ്യൂമൻ റൈറ്റ്സ് ഡിഫെൻഡേഴ്സ് അറ്റ് റിസ്ക്' പുരസ്കാരത്തിനാണ് ഉമർ ഖാലിദ് അർഹനായത്.

ഡബ്ലിനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജയിലിലായതിനാൽ ഉമർ ഖാലിദിന് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനായില്ല. ഉമർ ഖാലിദിനൊപ്പം ഇറാനിൽ നിന്നുള്ള അഹമ്മദ്‌റേസ ഹയേരി, അംഗോളയിൽ നിന്നുള്ള ലോറിൻഡ മാനുവൽ ഗൗവയ, ബ്രസീലിൽ നിന്നുള്ള അദ്ദ വിക്ടോറിയ കയറ്റാനോ, സെർബിയയിൽ നിന്നുള്ള ലിലിയാന നെസിക് എന്നിവരും പുരസ്കാരത്തിന് അർഹരായി.

'വിമർശനങ്ങൾക്കെതിരെ ഭീകരനിയമങ്ങൾ ആയുധമാക്കുന്നു': പുരസ്കാര സമിതി

ഇന്ത്യയിൽ ജനാധിപത്യപരമായ വിയോജിപ്പുകളെയും വിമർശനങ്ങളെയും അടിച്ചമർത്താൻ ഭരണകൂടം ഭീകരവിരുദ്ധ നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ തെളിവാണ് ഉമർ ഖാലിദിന്റെ നീണ്ട തടവുജീവിതമെന്ന് ഫ്രണ്ട് ലൈൻ ഡിഫെൻഡേഴ്സ് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. സമാധാനപരമായി സംഘടിക്കാനും അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിക്കാനുമുള്ള പൗരാവകാശങ്ങളെ ഇത്തരം കരിനിയമങ്ങൾ വരിഞ്ഞുമുറുക്കുകയാണെന്നും സംഘടന നിരീക്ഷിച്ചു.

2020 ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങൾക്കിടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നിൽ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബർ 13-ന് ഡൽഹി പൊലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ അമരാവതിയിൽ ഖാലിദ് നടത്തിയ പ്രസംഗം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചെങ്കിലും, അത് സമാധാനപരമായ പ്രതിഷേധ ആഹ്വാനം മാത്രമായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു.

ജാമ്യം നിഷേധിക്കപ്പെട്ട് നീളുന്ന തടവ്

ഡൽഹി ഹൈകോടതിയും സുപ്രീം കോടതിയും ഉമർ ഖാലിദിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ സംരക്ഷിത സാക്ഷികളെ വിസ്തരിച്ചതിന് ശേഷമോ അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷമോ മാത്രമേ വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കാനാകൂ എന്നാണ് പരമോന്നത കോടതി നിലപാട് സ്വീകരിച്ചത്. വർഷങ്ങളായി വിചാരണ പോലും കൃത്യമായി ആരംഭിക്കാതെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ മുൻപും യു.എൻ സമിതികളടക്കം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനിടയിലാണ് ആഗോളതലത്തിൽ ഉമർ ഖാലിദിന്റെ മനുഷ്യാവകാശ പോരാട്ടത്തിന് പുതിയ അംഗീകാരം ലഭിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Activist Umar Khalid Wins International Human Rights Defender Award 2026
Next Story