ലോക്സഭയിൽ സ്പീക്കറുടെ പോഡിയത്തിന് മുന്നിലെ മേശക്ക് മുകളിൽ കയറി; ഷാഫിക്കും ഡീനിനും ഹൈബിക്കുമെതിരെ നടപടി
text_fieldsഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്
ന്യൂഡൽഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് അറുതി വരുത്തി ‘വിബി- ജി റാം ജി’ ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ സ്പീക്കറുടെ പോഡിയത്തിന് മുന്നിലെ മേശക്ക് മുകളിൽ കയറി ഗാന്ധി ചിത്രമുയർത്തിയ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരടക്കം എട്ട് കോൺഗ്രസ് എം.പിമാർക്കെതിരായ അവകാശ ലംഘന പരാതിയിൽ നടപടി തുടങ്ങി. അതേസമയം രാജ്യസഭയിൽ ഭരണപക്ഷ ബെഞ്ചിനിടയിലേക്ക് മുദ്രാവാക്യം വിളിച്ചുചെന്ന തൃണമൂൽ കോൺഗ്രസ് എം.പിമാർക്കെതിരെ പരാതിയോ നടപടിയോ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.
കേരളത്തിന് പുറമെ തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരായ എസ്. മുരശോലി, കെ. ഗോപിനാഥ്, ശശികാന്ത് ശെന്തിൽ, എസ്. വെങ്കടേശൻ എന്നിവർക്കെതിരെ ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെയാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്. സഭയുടെ സുഗമമായ നടത്തിപ്പിനും മന്ത്രി ശിവരാജ് സിങ് ചൗഹാനുമെതിരെ എട്ട് എം.പിമാർ തുടർച്ചയായി തടസ്സങ്ങൾ തീർത്തുവെന്ന് ദുബെ പരാതിയിൽ ആരോപിച്ചു.
വ്യാഴാഴ്ച പുലർച്ചെ 12.30 വരെ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭയിലേത് പോലെ വൻ പ്രതിഷേധത്തിനിടയിലാണ് രാജ്യസഭ ബിൽ പാസാക്കിയിരുന്നത്. തുടർന്ന് പ്രതിപക്ഷ എം.പിമാർ മുദ്രാവാക്യവുമായി ഇറങ്ങിപ്പോക്ക് നടത്തിയപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ മൗസം നൂറും സുസ്മിത ദേവുമാണ് ഭരണപക്ഷ ബെഞ്ചിന്റെ ഭാഗത്തേക്ക് മുദ്രാവാക്യം വിളിച്ചുപോയത്. അതേക്കുറിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ തന്നെ നടപടിയില്ലെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ലോക്സഭക്കുള്ളിൽ ഇ - സിഗരറ്റ് വലിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയിക്കെതിരെ ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂർ നൽകിയ അവകാശ ലംഘന പ്രമേയ നോട്ടീസിലും നടപടി മുന്നോട്ടുപോകുകയാണെന്ന് സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

