പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ വിദേശകാര്യമന്ത്രാലയം നടപടി തുടങ്ങി
text_fieldsന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുന്നത് സംബന്ധിച്ച് രേവണ്ണക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും 10 ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പ്രജ്വൽ രേവണ്ണ നയതന്ത്ര പാസ്പോർട്ടിൽ രാജ്യംവിടുകയായിരുന്നു. ഇയാൾക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. നയതന്ത്രപാസ്പോർട്ട് റദ്ദാക്കണമെന്ന് കർണാടക സർക്കാർ വിദേശ കാര്യമന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു. അതിനു പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങാൻ രേവണ്ണ സന്നദ്ധത അറിയിക്കുകയും ചെയ്തു.
റിപ്പോർട്ടനുസരിച്ച് ഇന്ന് അർധരാത്രിയോടെ രേവണ്ണ ബംഗളൂരുവിലേക്ക് മടങ്ങും. മേയ് 31ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. ജർമനിയിൽ നിന്നാണ് ബംഗളൂരുവിലേക്ക് മടങ്ങുന്നത്. ആവശ്യമെങ്കിൽ രേവണ്ണയെ വിമാനത്താവളത്തിൽ വെച്ചു തന്നെ അറസ്റ്റ് ചെയ്യുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ ജനപ്രതിനിധികൾക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തള്ളിയിരുന്നു.
ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ ഇയാളെ ജെ.ഡി.എസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

