സ്ത്രീകൾ രാത്രി സുരക്ഷിതരാണോ? വേഷംമാറി നഗരത്തിലിറങ്ങി എ.സി.പി
text_fieldsആഗ്ര: ശാന്തമായ ഒരു രാത്രിയിൽ ആഗ്രയിലെ വിജനമായ റോഡിൽ ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടി തന്റെ സഹായത്തിനായി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുന്നു. തനിക്ക് ആഗ്ര കാൻ്റ് റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെന്നും തനിച്ച് പോകാൻ ഭയമാണെന്നും പറയുന്നു. പത്ത് മിനിറ്റിനുള്ളിൽ സഹായം എത്തുമെന്ന് കൺട്രോൾ റൂം ഉറപ്പുനൽകി. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. അവിടെ കണ്ട കാഴ്ച പൊലീസിനെ ഞെട്ടിച്ചു കളഞ്ഞു. കൺട്രോൾ റൂമിലേക്ക് വിളിച്ച പെൺകുട്ടി മറ്റാരുമല്ലായിരുന്നു ആഗ്ര അസിസ്റ്റൻ്റ് പൊലീസ് കമിഷണർ സുകന്യ ശർമ്മയായിരുന്നു അത്.
രാത്രി നഗരത്തിൽ സ്ത്രീകളുടെ സുരക്ഷാ എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായി എ.സി.പി. സുകന്യ ശര്‍മ വേഷം മാറി പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു. അര്‍ധരാത്രി പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിച്ചു.
വിനോദസഞ്ചാരിയായ താന്‍ വിജനമായ റോഡില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണെന്നും ഭയം തോന്നുന്നുണ്ടെന്നുമാണ് എ.സി.പി പറഞ്ഞത്. പൊലീസിന്റെ സഹായം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഫോണ്‍ അറ്റൻഡ് ചെയ്ത പൊലീസുകാരൻ യുവതി നില്‍ക്കുന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചു മനസിലാക്കി ഉടന്‍ സഹായത്തിന് പൊലീസെത്തുമെന്നും അറിയിച്ചു. പിന്നാലെ എ.സി.പി.ക്ക് വനിതാ പൊലീസിന്റെ പട്രോളിങ് സംഘത്തില്‍നിന്നും വിളിയെത്തി. ഭയപ്പെടേണ്ടെന്നും പൊലീസ് വന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. ഇതോടെ താന്‍ എ.സി.പി.യാണെന്നും പൊലീസിന്റെ സേവനങ്ങള്‍ എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിക്കാനാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചതെന്നും എ.സി.പി പറഞ്ഞു. തന്റെ പരിശോധനയില്‍ പൊലീസുകാർ വിജയിച്ചെന്നും എ.സി.പി പറഞ്ഞു.
ഓട്ടോയിൽ കയറിയ ശേഷം എ.സി.പി നഗരത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ഡ്രൈവറോട് തിരക്കി. യൂണിഫോം ധരിക്കാത്തതിനെക്കുറിച്ചും അന്വേഷിച്ചു. പൊലീസ് തന്നെ പരിശോധിച്ചതാണെന്നും ഉടനെ യൂണിഫോം ധരിക്കുമെന്നും ഡ്രൈവർ പറഞ്ഞു. പറഞ്ഞ സ്ഥലത്ത് സുരക്ഷിതമായി എത്തിച്ച ഓട്ടോ ഡ്രൈവറും തന്റെ പരിശോധനയില്‍ വിജയിച്ചെന്ന് എ.സി.പി പറഞ്ഞു.
എ.സി.പി.യുടെ പരിശോധനരീതി ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. എല്ലാ നഗരത്തിലും പൊലീസുകാര്‍ ഇത്തരം പരിശോധന നടത്തണമെന്നും ഇതിലൂടെ സാധാരണക്കാര്‍ രാത്രിസമയത്ത് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്നും ആക്ടിവിസ്റ്റായ ദീപിക ഭരദ്വാജ് സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.