നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത പ്രതി കുന്നംകുളത്ത് പിടിയിൽ
text_fieldsതൃശൂർ: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയായ സി. അളഗപ്പനെ കുന്നംകുളത്ത് നിന്നാണ് ചെന്നൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അളഗപ്പനോടൊപ്പം ഭാര്യ നാച്ചായമ്മാൾ, മറ്റ് രണ്ട് കുടുംബാംഗങ്ങൾ എന്നിവരും പിടിയിലായി. കുന്നംകുളത്ത് ഇവർ ഒളിവിൽ കഴിയുകയായിരുന്നു.
മുഖ്യപ്രതിയായ അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി. മകളുടെ പേരിലേക്കു സ്വത്തു വകകൾ മാറ്റാനും മറ്റും സഹായം തേടിയിരുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് അഴകപ്പനും ഭാര്യയും ചേർന്നാണു തട്ടിപ്പു നടത്തിയതെന്നും ചെന്നൈ കമ്മിഷണർ ഓഫിസിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ശ്രീപെരുംപുത്തൂരിനടുത്ത് 25 കോടി രൂപ വിലയുള്ള ഭൂമി വിൽക്കാൻ അഴകപ്പന് പവർ ഓഫ് അറ്റോർണി നൽകി. എന്നാൽ അളഗപ്പൻ ചില പേപ്പറുകളിൽ ഒപ്പിടുവിച്ചു. ഈ ബോണ്ടുകൾ ദുരുപയോഗം ചെയ്യില്ലെന്നും ഉറപ്പ് നൽകി. എന്നാൽ, ഒപ്പ് വ്യാജമായി ഇട്ട് അഴകപ്പനും ഭാര്യയും സ്ഥലം തട്ടിയെടുത്തതായും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതിയിൽ പറയുന്നത്.
ഈ സംഭവത്തിൽ തന്നെ പിന്തുണച്ചില്ലെന്നും അളഗപ്പനെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരുന്നു. ഗൗതമിയുടെ പരാതിയിൽ അളഗപ്പൻ, ഭാര്യ, മകൻ, മരുമകൾ എന്നിവർ ഉൾപ്പെടെ 6 പേർക്കെതിരെ വഞ്ചന, ഭൂമി കയ്യേറ്റം തുടങ്ങിയ 5 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

