രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് ആക്രമണം നടത്താൻ രാജേഷ് പദ്ധതിയിട്ടു; സുപ്രീംകോടതിയിലുമെത്തി, ഞെട്ടിക്കും വിവരങ്ങൾ പുറത്ത്
text_fieldsരേഖ ഗുപ്ത, രാജേഷ്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന് രാജേഷ് സക്രിയയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞയാഴ്ച പൊതുപരിപാടിക്കിടെ രാജേഷ് സക്രിയ രേഖ ഗുപ്തയുടെ മുഖത്തടിച്ചിരുന്നു. ഇതിനൊപ്പം കത്തി ഉപയോഗിച്ച് ആക്രമണം നടത്താനും ഇയാൾ പദ്ധതിയിട്ടുവെന്നാണ് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട്.
തെരുവ്നായക്കളെ പിടികൂടണമെന്ന വിധിക്ക് പിന്നാലെ ഇയാൾ സുപ്രീംകോടതിയിലെത്തി. അവിടെയും ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ, കോടതിയുടെ കനത്ത സുരക്ഷകണ്ട് ഇയാൾ പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.കത്തി ഉപയോഗിച്ച് രേഖഗുപ്തയെ ആക്രമണം നടത്തുക ലക്ഷ്യമിട്ടാണ് പ്രതി സിവിൽ ലൈൻസ് ഓഫീസിലേക്ക് എത്തിയത്. എന്നാൽ, ഓഫീസിലെ കനത്ത സുരക്ഷ കണ്ട് ഇയാൾ കത്തി ഉപേക്ഷിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഗുജറാത്ത് രാജ്കോട്ട് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി മുഖ്യമന്ത്രിയുടെ മുഖത്ത് അടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.മുഖ്യമന്ത്രിയുടെ വസതിയിൽ ആഴ്ചതോറും നടക്കാറുള്ള ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്. മുഖ്യമന്ത്രി പരാതി കേൾക്കുന്നതിനിടെ, പ്രതി മുന്നോട്ടുവന്ന് പേപ്പർ നൽകുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖത്തടിച്ചതും മുടിയിൽ വലിച്ചതും. ആക്രമണത്തിൽ തലക്ക് നേരിയ പരിക്കേറ്റ രേഖയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ ആക്രമിയെ കീഴ്പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറി.
പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് അമ്മ പറഞ്ഞു. തെരുവുനായ് വിഷയത്തിൽ അടുത്തിടെ സുപ്രീംകോടതി വിധി മൃഗസ്നേഹിയായ പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതി പോകുമെന്ന കാര്യം തനിക്കറിയില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
സംഭവം പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന വസ്തുതയാണ് തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസും ജനാധിപത്യത്തിൽ അക്രമത്തിനിടമില്ലെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

