പശുക്കടത്ത് കേസിലെ പ്രതിയെ വെടിവെച്ച് കൊന്ന് യു.പി പൊലീസ്
text_fieldsലഖ്നോ: പശുക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ വെടിവെച്ച് കൊന്ന് യു.പി പൊലീസ്.യു.പി പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ജുബൈറാണ് കൊല്ലപ്പെട്ടത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം യു.പി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പശുക്കടത്ത് ആരോപിച്ച് ജൂബൈറിന്റെ വാഹനങ്ങൾ നാട്ടുകാർ തടയുകയും ഇവരെ പിന്തുടർന്ന 19കാരനായ ദീപക് എന്ന യുവാവിനെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ദീപകിന്റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതക കുറ്റവും യു.പി പൊലീസ് ജുബൈറിനെതിരെ ചുമത്തിയിരുന്നു.
ജുബൈർ ഗാഞ്ച് മേഖലയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അവിടെ പരിശോധന നടത്തുകയായിരുന്നുവെന്ന് രാംപൂർ ജില്ലാ പൊലീസ് അറിയിച്ചു. ഇയാളെ തേടിപോയ പൊലീസുകാർക്ക് നേരെ വെടിവെപ്പുണ്ടായെന്നും പൊലീസ് നടത്തിയ തിരിച്ചടിയിൽ ജുബൈറിന് പരിക്കേറ്റവെന്നും ചികിത്സക്കിടെ പ്രതി മരിച്ചുവെന്നുമാണ് പൊലീസിന്റെ ഭാഷ്യം.
വെടിവെപ്പിനിടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ജുബൈറിനെതിരെ 18 കേസുകളുണ്ടെന്നും ഇതിൽ ഭൂരിപക്ഷവും പശുക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണെന്നും യു.പി പൊലീസ് അറിയിച്ചു. പശുക്കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻമാർക്കെതിരെയും കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ പശുക്കടത്തുമായി ബന്ധപ്പെട്ട് ജുബൈറിന്റെ നാല് കൂട്ടാളികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പശുക്കടത്തുകാരെ പിന്തുടർന്ന പോയ 19കാരൻ മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധം മേഖലയിൽ ഉയരുകയും 35 പൊലീസുകാർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുകയും ചെയ്തിരുന്നു.
സെപ്തംബർ 16ന് ജുബൈറും കൂട്ടാളികളും സഞ്ചരിച്ച വാഹനം പശുക്കടത്ത് ആരോപിച്ച് നാട്ടുകാർ തടഞ്ഞു. അവരെ വെട്ടിച്ച് മുന്നേറിയ വാഹനത്തെ ദീപക് പിന്തുടരുകയും പിന്നീട് ഇയാളെ പരിക്കേറ്റനിലയിൽ കണ്ടെത്തുകയുമായിരുന്നു. ആശുപത്രിയിൽവെച്ച് ദീപക് മരിച്ചതിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

