ബംഗളൂരു ബലാത്സംഗ കേസിലെ പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടി
text_fieldsബംഗളൂരു: ബംഗളൂരുവിൽ അടുത്തിടെ ഉണ്ടായ ബലാത്സംഗ കേസിലെ പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. മൂന്ന് സംസ്ഥാനങ്ങളിലായി 700 ലധികം സി.സി.ടി.വി കാമറകൾ പരിശോധനക്ക് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിലെ ജാഗ്വാർ ഷോറൂമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ബി.എൻ.എസ് നിയമ പ്രകാരം ലൈംഗിക പീഡനം ഉൾപ്പടെയുള്ള ഡവകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഭാരതി ലേഔട്ട് ഫസ്റ്റ് ക്രോസിൽ കഴിഞ്ഞ ദിവസം പുലർച്ച 1.55 ഓടെയാണ് സംഭവം. കൂട്ടുകാരിക്കൊപ്പം നടന്നുവരുകയായിരുന്ന യുവതിയെ പിന്തുടർന്നുവന്ന ഒരാൾ പെട്ടെന്ന് കയറിപ്പിടിക്കുകയായിരുന്നു. യുവതി ഒച്ചവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. കുറ്റകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമായി ഒന്നിലധികം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ ബി. ദയാനന്ദ നേരത്തെ പറഞ്ഞിരുന്നു. സി.സി.ടി.വി പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും 300 ലധികം സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ ഒരോ ഏരിയയിലും പൊലീസ് പട്രോളിങ് ഊർജിതമാക്കാൻ നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി ഡോ. ജി.പരമേശ്വര പറഞ്ഞു. ബംഗളൂരു പോലെയുള്ള വൻ നഗരങ്ങളിൽ അവിടെയും ഇവിടെയുമെല്ലാം ഇത്തരം സംഭവങ്ങൾ അരങ്ങേറാറുണ്ടെന്നും എന്നാൽ, ബംഗളൂരുവിൽ പൊലീസ് സാന്നിധ്യം ശക്തമായതിനാൽ ഇത്തരം സംഭവങ്ങൾ താരതമ്യേന കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗളൂരുവിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴെല്ലാം വൻ മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

