ബംഗളൂരുവിൽ അപകട മരണം കൂടി; അപകടനിരക്ക് കുറഞ്ഞു
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ 2023ൽ 880 അപകടങ്ങളിലായി പൊലിഞ്ഞത് 909 ജീവൻ. ബംഗളൂരു ട്രാഫിക് പൊലീസ് പുറത്തുവിട്ട കണക്കുപ്രകാരം, ഇതുവരെ ബംഗളൂരു നഗരത്തിൽ ഒരു വർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ അപകട മരണമാണിത്.
കഴിഞ്ഞവർഷം അത്യാഹിതങ്ങളില്ലാത്ത 4,095 അപകടങ്ങളും റിപ്പോർട്ടു ചെയ്തു. ഇവയിൽ 4201 പേർക്കാണ് പരിക്കേറ്റത്. ആകെ 5004 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 2022ൽ അത്യാഹിതങ്ങൾ രേഖപ്പെടുത്തിയ 752 അപകടങ്ങളിലായി 772 പേർ കൊല്ലപ്പെട്ടിരുന്നു. 3822 അപകടങ്ങളാണ് ആ വർഷം ആകെ നടന്നത്.
അതേസമയം, നഗരത്തിൽ അപകടങ്ങളുടെ എണ്ണം വർധിക്കുമ്പോഴും അപകട നിരക്ക് കുറയുകയാണെന്ന് ട്രാഫിക് വിഭാഗം ജോയന്റ് കമീഷണർ എം.എൻ. അനുഛേദ് ചൂണ്ടിക്കാട്ടി. നിരത്തിലുള്ള ഓരോ ഒരു ലക്ഷം വാഹനങ്ങളുടെയും കണക്കെടുത്താൽ സംഭവിക്കുന്ന അപകടങ്ങളുടെയും അപകട മരണങ്ങളുടെയും നിരക്ക് കുറഞ്ഞുവരുകയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ 25 ലക്ഷം വാഹനങ്ങളാണ് ബംഗളൂരു നഗരത്തിലിറങ്ങിയത്. ഇതിൽ 2020, 2021, 2022 വർഷങ്ങൾ കോവിഡ് നിയന്ത്രണങ്ങളുള്ള വർഷങ്ങളായിരുന്നു. കോവിഡ് നിയന്ത്രണത്തിന് മുമ്പുള്ള 2019ൽ അപകട മരണനിരക്ക് (ഓരോ ഒരു ലക്ഷം വാഹനങ്ങളെയും അടിസ്ഥാനമാക്കി) 8.77 ശതമാനമായിരുന്നു. എന്നാൽ, 2023ൽ ഇത് 7.5 ശതമാനമായി താഴ്ന്നു.
മരണത്തിനിടയാക്കുന്ന അപകടങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. ഇതിൽ നല്ലൊരു പങ്കും ഹെൽമറ്റ് ധരിക്കാത്തതിനാലും ഗുണമേന്മയുള്ള ഹെൽമറ്റ് ധരിക്കാത്തതിനാലും ശാസ്ത്രീയമായി ഹെൽമറ്റ് ധരിക്കാത്തതിനാലുമാണ്.
ചില മേഖലകളിൽ കാൽനടക്കാർ അപകടമരണത്തിൽപ്പെടുന്നത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനായി ട്രാഫിക് പൊലീസ് പ്രതിരോധ നടപടികൾ കൈക്കൊള്ളുമെന്നും ജോയന്റ് കമീഷണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

