വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; ഒഡിഷയിൽ എ.ബി.വി.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
text_fieldsവിദ്യാർഥിനി തീകൊളുത്തുന്ന ദൃശ്യം
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിൽ കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ എ.ബി.വി.പി നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. സംസ്ഥാന പൊലീസിന്റെ ക്രൈംബ്രാഞ്ച് ഞായറാഴ്ച വൈകിട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജൂലൈ 12നായിരുന്നു വിദ്യാർഥിനിയുടെ മരണം. ആത്മഹത്യ ശ്രമത്തിനിടെ 95 ശതമാനം പൊള്ളലേറ്റ അവർ ജൂലൈ 14ന് ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെ മരിച്ചു.
എ.ബി.വി.പിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുബ്ര സംബിത് നായക്, ജ്യോതി പ്രകാശ് ബിസ്വാൾ എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പൊള്ളലേറ്റതിനെത്തുടർന്ന് കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസ്വാളിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ, കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ സമീറ കുമാർ സാഹു, ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ പ്രിൻസിപ്പൽ ദിലീപ് ഘോഷ് എന്നിവരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ സുബ്ര സംബിത് നായകിനെയും ബിസ്വാളിനെയും ബാലസോറിലെ സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ (എസ്.ഡി.ജെ.എം) റെസിഡൻഷ്യൽ ഓഫിസിൽ ഹാജരാക്കിയതായും ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു.
ബാലസോറിലെ ഫക്കീർ മോഹൻ ഓട്ടോണമസ് കോളജിലെ വിദ്യാർഥിനി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മുതിർന്ന ഫാക്കൽറ്റി അംഗത്തിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടും ഇൻസ്റ്റിറ്റ്യൂട്ട് നടപടി സ്വീകരിക്കാത്തതാണ് 20കാരിയുടെ ആത്മഹത്യക്ക് കാരണമായത്. ലൈംഗിക പീഡന പരാതി ഇൻസ്റ്റിറ്റ്യൂട്ടിലെ ആഭ്യന്തര അന്വേഷണ സമിതി സാധുതയുള്ളതല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണെന്ന് യുവതിയുടെ നടപടിയെന്ന് പൊലീസ് പറഞ്ഞിരുന്നു.
വകുപ്പ് മേധാവി (എച്ച്.ഒ.ഡി) സമീർ രഞ്ജൻ സാഹുവിനെതിരെ ആവർത്തിച്ച് പരാതി നൽകിയെങ്കിലും പ്രിൻസിപ്പൽ ദിലീപ് ഘോഷിന്റെ നേതൃത്വത്തിലുള്ള കോളജ് ഭരണകൂടം അത് അവഗണിക്കുകയായിരുന്നു. സാഹു നിരന്തരം ലൈംഗിക പീഡനത്തിന് ശ്രമിച്ചതായും വഴങ്ങിയില്ലെങ്കിൽ അക്കാദമിക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

