'ഔറംഗസേബിനെ പ്രശംസിച്ചു'; മഹാരാഷ്ട്ര എം.എൽ.എ അബു ആസ്മിക്ക് സസ്‌പെൻഷൻ
text_fieldsഅബു ആസ്മി
മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ചതിന്റെ പേരിൽ സമാജ്‌വാദി പാർട്ടി (എസ്.പി) എം.എൽ.എ അബു ആസ്മിയെ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംസ്ഥാന ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സസ്പെൻഷൻ. സമ്മേളനത്തിന്റെ അവസാനം വരെ അദ്ദേഹത്തെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.
ഔറംഗസേബിനെ പ്രശംസിച്ച പരാമർശങ്ങളുടെ പേരിൽ അബു ആസ്മിയെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങൾ അദ്ദേഹത്തിന് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട് ആസ്മി ക്ഷമാപണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഷിൻഡെയുടെ പരാമർശം. ഔറംഗസേബിന്റെ ഭരണത്തിന് കീഴിൽ ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചുവെന്ന് ആസ്മി അവകാശപ്പെട്ടതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഔറംഗസേബ് ക്ഷേത്രങ്ങൾ നിർമിച്ചിരുന്നുവെന്നും അദ്ദേഹം ക്രൂരനായ നേതാവല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഭിപ്രായങ്ങൾ ചരിത്രപരമായ വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും പ്രസ്താവനയിൽ ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ, വാക്കുകൾ പിൻവലിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്റെ പരാമർശങ്ങൾ ഛത്രപതി ശിവജി മഹാരാജിനെയോ സാംബാജി മഹാരാജിനെയോ അനാദരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

