Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഈ പാടുകൾ ഞാൻ എന്തിലൂടെയാണ് കടന്നുപോയതെന്ന് പറയുന്നു’; പാതി മുഖത്തിന്റെ ചിത്രം പങ്കുവെച്ച് നിഗൂഢ സന്ദേശവുമായി അഭിഷേക് ബാനർജി

text_fields
bookmark_border
abhishek banerjee
cancel

ന്യൂഡൽഹി: മുഖത്തിന്റെ പകുതി മാത്രം കാണുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജി. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അഭിഷേകിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ‘ഈ പാട് ഞാൻ എന്തിലൂടെയാണ് കടന്നുപോയതെന്ന് പറയുന്നു. എന്നാൽ എന്റെ കണ്ണുകൾ പറയുന്നത് ഇനിയും അവസാനിച്ചിട്ടില്ലെന്നാണ്’ എന്ന കുറിപ്പോടെയാണ് അഭിഷേക് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. അഭിഷേക് ബാനർജിയുടെ കണ്ണിന് താഴെയായി കവിളിൽ ചുവന്ന പാടുകളും ചിത്രത്തിൽ കാണാം.

അടുത്തിടെ നിരവധി രാഷ്രടീയ ആക്രമണങ്ങൾ അഭിഷേക് ബാനർജിക്ക് നേരിടേണ്ടി വന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ആൾക്കൂട്ട ആക്രമണങ്ങളും ഇതിൽ ഉൾപ്പെടും. കണ്ണിന് ചികിത്സക്കായി വിദേശത്തേക്ക് പോകാൻ സുപ്രീംകോടതി അഭിഷേക് ബാനർജിക്ക് അനുമതി നൽകിയിരുന്നു. വിദേശയാത്രക്ക് അനുമതി നിഷേധിച്ച കൽക്കട്ട ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് സുപ്രീംകോടതി ഇടപെട്ടത്. തുടർന്ന് മൂന്ന് ആഴ്ച വിദേശത്ത് ചികിത്സ തേടാൻ 38കാരനായ അഭിഷേക് ബാനർജിക്ക് കോടതി അനുമതി നൽകി. യാത്രയുടെ വിവരങ്ങൾ, താമസസ്ഥലം, ചികിത്സിക്കുന്ന ഡോക്ടർമാരുടെയും ആശുപത്രിയുടെയും വിവരങ്ങൾ, മടക്കയാത്രാ വിവരങ്ങൾ എന്നിവ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

2016 ഒക്ടോബറിൽ ഉണ്ടായ റോഡ് അപകടത്തെ തുടർന്നാണ് അഭിഷേക് ബാനർജിക്ക് കണ്ണിന് ഗുരുതര പരിക്കേറ്റത്. മുർഷിദാബാദിലെ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്ത് കൊൽക്കത്തയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തുടർന്ന് ഇന്ത്യയിലും വിദേശത്തുമായി ചികിത്സ തേടിവരികയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

വിദേശയാത്രയെ പശ്ചിമ ബംഗാൾ സർക്കാർ എതിർത്തിരുന്നു. അഭിഷേക് ബാനർജിക്കെതിരെ നിരവധി കേസുകളുണ്ടെന്നും വിദേശത്തേക്ക് പോയാൽ തിരിച്ചെത്താതിരിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ വിദേശത്തേക്ക് യാത്ര ചെയ്യാനും ആവശ്യമായ ചികിത്സ തെരഞ്ഞെടുക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

ജൂണിൽ പശ്ചിമ ബംഗാൾ പ്രൈമറി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭിഷേക് ബാനർജിയെ ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ പേഴ്സനൽ അസിസ്റ്റന്റ് സുമിത് റോയിയെ ഭൂമി ഇടപാട് കേസിൽ സി.ഐ.ഡി അറസ്റ്റ് ചെയ്തിരുന്നു. മേയ് അവസാനം, പശ്ചിമ ബംഗാളിലെ സോനാർപൂരിൽ പാർട്ടി പ്രവർത്തകരുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ അഭിഷേക് ബാനർജിയെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. കല്ലേറും മുട്ടയേറും ഉൾപ്പെടെയുള്ള പ്രതിഷേധത്തെ തുടർന്ന് പൊലീസ് അദ്ദേഹത്തെ സുരക്ഷിതമായി സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abhishek Banerjees Cryptic Message Im Nowhere Done
Next Story