നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി വാങ്ങി വഞ്ചിച്ചെന്ന്; അഭിനവ സ്വാമിക്കെതിരെ മറ്റൊരു പരാതി കൂടി
text_fieldsസഞ്ജയ്
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിലെ മൂന്നാം പ്രതി അഭിനവ ഹാലശ്രീ സ്വാമിക്കെതിരെ ആരോപണവുമായി മറ്റൊരാൾ. ഗഡക് ജില്ലയിലെ ശിരഹട്ടി മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റ് തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് സ്വാമി കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് സഞ്ജയ് ചൗഡാല എന്നയാൾ മുഡർഗി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
ശിരഹട്ടി താലൂക്കിലെ റാണതുര ഗ്രാമപഞ്ചായത്ത് പ്രോജക്ട് ഡെവലപ്മെന്റ് ഓഫിസറായിരുന്നു സഞ്ജയ്. മെയ് 10ന് നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ താൻ സ്വാമിക്ക് മൂന്ന് തവണകളായി കോടി രൂപ കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം പരാതിക്കാധാരമായ രേഖകൾ സഞ്ജയ് ഹാജരാക്കിയിട്ടില്ലെന്ന് ഗഡക് ജില്ല പൊലീസ് സൂപ്രണ്ട് ബാബസാഹെബ് നെമഗൗഡ് പറഞ്ഞു.
രേഖകൾ ആവശ്യപ്പെട്ട് പരാതിക്കാരന് നോട്ടീസ് നൽകിയിട്ടുണ്ട്. ലഭ്യമാക്കിയാൽ കേസെടുത്ത് അന്വേഷിക്കും. ശിരഹട്ടി താലൂക്കിലെ ഹെബ്ബൽ സ്വദേശിയായ സഞ്ജയ് നിലവിൽ മുണ്ടഗിരി ടൗണിലാണ് താമസം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പുതുമുഖം ഡോ. ചന്ദ്രു ലമനിയിണ് ശിരഹട്ടി മണ്ഡലത്തിൽ 74489 വോട്ടുകൾ നേടി വിജയിച്ചത്. ബി.ജെ.പി സീറ്റ് നിഷേധിച്ച രാമകൃഷ്ണ സിദ്ധിങ്കപ്പ ദൊഡ്ഡമണി സ്വതന്ത്രനായി മത്സരിച്ച് 45,969 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി സുജാത നിങ്കപ്പ ദൊഡ്ഡമണിക്ക് 34,791 വോട്ടുകളാണ് നേടാനായത്.
ബൈന്തൂർ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ ബി.എം. സുകുമാർ ഷെട്ടിയെ തഴഞ്ഞ് പുതുമുഖം ഗുരുരാജ് ഷെട്ടി ഗണ്ടിഹോളെക്കാണ് ബി.ജെ.പി സീറ്റ് നൽകിയിരുന്നത്. അദ്ദേഹം ജയിക്കുകയും ചെയ്തു. ഈ മണ്ഡലം വാഗ്ദാനം ചെയ്ത് ബൈന്തൂരിലെ വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽനിന്ന് അഞ്ച് കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ മൂന്നാം പ്രതിയാണ് അഭിനവ ഹാലശ്രീ സ്വാമി. ഈ കേസിലെ മുഖ്യ പ്രതി ചൈത്ര കുന്താപുരയെയും കൂട്ടുപ്രതികളെയും ബംഗളൂരു അഡി. ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസിന് കൈമാറി.
നേരത്തെ അനുവദിച്ച 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

