‘പുതിയ പാർലമെന്റും പ്രധാനമന്ത്രിയുടെ വസതിയും നിർമിക്കാമെങ്കിൽ എന്തുകൊണ്ട് സ്കൂളുകൾ ആയിക്കൂടാ?’: പുതിയ കാമ്പെയ്നുമായി അഭിജീത് ദിപ്കെ
text_fieldsഅഭിജീത് ദിപ്കെ
ന്യൂഡൽഹി: ഗ്രാമങ്ങളിലെ സർക്കാർ വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി രാജ്യവ്യാപക കാമ്പെയ്നുമായി 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. ഗ്രാമങ്ങളിലെ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് ഗ്രാമത്തലവൻമാരുടെയും മാതാപിതാക്കളുടെയും സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വരുന്ന ആഗസ്റ്റ് 15-ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിൽ ഇതിനായി പ്രതിജ്ഞയെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് ദിപ്കെ ഈ ശക്തമായ ആവശ്യങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ 80 വർഷമായി ഗ്രാമീണ മേഖലയിലെ സർക്കാർ വിദ്യാലയങ്ങൾ പൂർണമായും അവഗണിക്കപ്പെടുകയാണെന്നും അവിടെ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘നമ്മൾ പുതിയ പാർലമെന്റും പ്രധാനമന്ത്രിയുടെ പുതിയ വസതിയും നിർമിച്ചു. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളിൽ പുതിയ സ്കൂളുകൾ നിർമിക്കാൻ കഴിയാത്തത്? ഗ്രാമങ്ങളിലെ കർഷകരുടെയും തൊഴിലാളികളുടെയും കുട്ടികളെ നമ്മൾ രാജ്യത്തിന്റെ ഭാവിയായി കാണുന്നില്ലേ? വലിയ നഗരങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്തുകൊണ്ട് ഈ കുട്ടികൾക്ക് നൽകാൻ നമുക്ക് കഴിയുന്നില്ല?’- ദീപ്കെ ചോദിച്ചു.
മഹാരാഷ്ട്രയിലെ മറാത്തവാഡ മേഖലയിലുള്ള തന്റെ സ്വന്തം ഗ്രാമമായ ഹിംഗോളിയിൽ നേരിട്ടെത്തി, അവിടുത്തെ സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്താൻ ഗ്രാമത്തലവനോട് അഭ്യർത്ഥിക്കുമെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. ഈ വിഡിയോ കാണുന്ന മറ്റ് ഗ്രാമങ്ങളിലെ തലവൻമാരും തങ്ങളുടെ ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സർപഞ്ചുമാർ നടത്തുന്ന ഇത്തരം മാതൃകാപരമായ ഇടപെടലുകൾ സി.ജെ.പിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചിത്രങ്ങളോടെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ സ്കൂളുകളിൽ ഒരു സാമൂഹിക ഓഡിറ്റ് നടത്തണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. സ്കൂളുകളിൽ വൈദ്യുതിയും കുടിവെള്ളവും ശുചിമുറി സൗകര്യങ്ങളും ഉച്ചഭക്ഷണവും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിൽ അതിന്റെ വിഡിയോകൾ എടുത്ത് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മികച്ച വിദ്യാഭ്യാസം അവരുടെ അടിസ്ഥാന അവകാശമാണെന്നും ഇതിനായി മാതാപിതാക്കൾക്ക് വിവരങ്ങൾ പങ്കുവെക്കാൻ കഴിയുന്ന ഒരു ഫോം സി.ജെ.പി ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. പൂരിപ്പിച്ച ഫോം സി.ജെ.പി നൽകുന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണെന്നും ദീപ്കെ അറിയിച്ചു.
ഓൺലൈൻ പരിഹാസ്യ പ്ലാറ്റ്‌ഫോമായി ആരംഭിച്ച്, പിന്നീട് നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർമന്തറിൽ പ്രക്ഷോഭം നയിച്ച് ശ്രദ്ധ നേടിയ സംഘടനയാണ് സി.ജെ.പി. കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കും പങ്കെടുത്ത ഈ സമരം രാജ്യവ്യാപകമായി വലിയ ചർച്ചയായിരുന്നു. തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനെത്തുടർന്ന് സമരം അവസാനിച്ചിരുന്നു. സമരത്തിന് ശേഷം യുവാക്കളുടെ ഒരു ശക്തമായ മുന്നേറ്റമായി സംഘടന മുന്നോട്ട് പോകുമെന്ന് ദീപ്കെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രാജ്യവ്യാപകമായി വിദ്യാഭ്യാസ മേഖലക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ കാമ്പെയ്നുമായി സി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

