'സമരങ്ങളെ പൊലീസ് അടിച്ചമർത്തുന്നു': ജാമിഅ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അഭിജിത് ദീപ്കെ
text_fieldsഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയയിലെ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി അഭിജിത് ദീപ്കെ. പീസ് ബോണ്ടിൽ ഒപ്പുവെച്ച് പുറത്തിറങ്ങിയ ശേഷം അഭിജിത് ദീപ്കെ നടത്തുന്ന ആദ്യ വീഡിയോ പ്രതികരണമാണിത്. പൊതുരംഗത്ത് സി.ജെ.പിയുടെ സാന്നിധ്യം കുറഞ്ഞുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു, ഈ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അഭിജിത് ദീപ്കെ വീഡിയോ സന്ദേശത്തിലൂടെ നിലപാട് വ്യക്തമാക്കിയത്.
അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന യുവാക്കൾക്കൊപ്പമാണ് സി.ജെ.പിയെന്നും പൊതുപ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തങ്ങളെ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് എന്നിവരെ ഡൽഹി പൊലീസും കേന്ദ്ര സർക്കാരും പീസ് ബോണ്ടിലൂടെ നിയമക്കുരുക്കിലാക്കിയെന്നാണ് വിവരം.
ജാമിയ മില്ലിയ ഇസ്ലാമിയ, ഐ.ഐ.ടികൾ, ഭീമാശങ്കർ കോളജ് എന്നിവിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ യുവാക്കൾ അനീതികൾക്കെതിരെ നടത്തുന്ന എല്ലാ പ്രതിഷേധങ്ങൾക്കും സി.ജെ.പി പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സർവകലാശാലകളിൽ നടക്കുന്ന സമരങ്ങളിൽ സി.ജെ.പിയുടെ സാന്നിധ്യമില്ലെന്ന വിമർശനങ്ങളോടും അദ്ദേഹം പ്രതികരിക്കുകയായിരുന്നു.

