'രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുണ്ട് നിങ്ങളുടെ ചർമ്മത്തിന്'; പ്രധാനമന്ത്രിയുടെ വിഡിയോക്കെതിരെ പരിഹാസവുമായി അഭിജീത് ദിപ്കെ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അർദ്ധരാത്രിയിലെ പുതിയ വിഡിയോ സന്ദേശത്തിനെതിരെ രൂക്ഷ പരിഹാസവുമായി 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ. അടുത്തിടെ പാസാക്കിയ പേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വിശദീകരണത്തിന് താഴെയാണ് ദിപ്കെ ഇൻസ്റ്റാഗ്രാമിലൂടെ പരിഹാസവുമായി രംഗത്തെത്തിയത്. ‘രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ് നിങ്ങളുടെ ചർമ്മം’ എന്നായിരുന്നു ദിപ്കെയുടെ കമന്റ്.
പാർലമെന്റിൽ 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' പാസാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി വ്യാഴാഴ്ച രാത്രി പുതിയ വിഡിയോ സന്ദേശം പുറത്തുവിട്ടത്. വിശ്വസനീയമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനും പേപ്പർ ചോർച്ച മാഫിയകളെ അടിച്ചമർത്തുന്നതിനും ലക്ഷ്യമിട്ടുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് പ്രധാനമന്ത്രി വിഡിയോയിൽ അവകാശപ്പെട്ടു.ഈ വിഷയത്തിൽ പ്രധാനമന്ത്രി പങ്കുവച്ച നാലാമത്തെ ഇൻസ്റ്റഗ്രാം വിഡിയോ ആണ് ഇന്നലത്തേത്.
‘സുഹൃത്തുക്കളെ, കൂടുതൽ വിശ്വസനീയമായ ഒരു പരീക്ഷാ സംവിധാനം രൂപീകരിക്കാൻ നമ്മൾ ഓരോരുത്തരായി നിരന്തരമായ നടപടികൾ സ്വീകരിച്ചുവരികയാണ്. പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കുകയോ, ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുകയോ, സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുകയോ എന്തുതന്നെയായാലും നമ്മൾ ഈ ദിശയിൽ തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്’- പ്രധാനമന്ത്രി വിഡിയോയിൽ പറഞ്ഞു. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരങ്ങളും സാങ്കേതികവിദ്യയുടെ വലിയ തോതിലുള്ള ഉപയോഗവും അത്യന്താപേക്ഷിതമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതിനിടെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയുടെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. പാർലമെന്റ് ചലോ’ മാർച്ചിനിടെ പ്രതിഷേധക്കാർക്കെതിരെ ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് ഗൺ എന്നിവ ഉപയോഗിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നടക്കില്ലെന്നും അതിനാൽ അതിന്റെ ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾ രാജ്യത്തിന്റെ ഭാവിയാണ്, അവരെ കുറ്റവാളികളെയോ ശത്രുക്കളെയോ പോലെ നേരിടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. പ്രതിഷേധം അടിച്ചമർത്താൻ ബലം പ്രയോഗിച്ചവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അഭിജീത് ദീപ്കെ പറഞ്ഞു. പുതിയ വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചതിനെയും അഭിജത് ദീപ്കെ വിമർശിച്ചു. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രി ബലാത്സംഗികളെ അഭിനന്ദിക്കുന്നുവെങ്കിൽ, ധർമേന്ദ്ര പ്രധാനെ പുറത്താക്കിയതിന് ശേഷം മറ്റൊരു വിചിത്ര മനുഷ്യനെ കൊണ്ടുവന്നു എന്നാണ് അതിനർഥം. രാജ്യത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്? അവരുടെ പാർട്ടി ഗുണ്ടകളെക്കൊണ്ട് നിറഞ്ഞതിനാൽ അവർക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നും അഭിജീത് ദിപ്കെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

